കൊച്ചി: എൽ.പി.ജി വാണിജ്യ സിലിണ്ടറുകൾക്ക് നൽകിയിരുന്ന ഇൻസന്റീവ് റദ്ദാക്കിയതിനാൽ വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കാൻ കമ്പനികൾ തയ്യാറാകണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഇൻസെന്റീവ് ലഭിച്ചിരുന്നപ്പോൾ ഗ്യാസ് ഏജൻസികൾ 200 മുതൽ 300 രൂപ വരെ വിലയിൽ ഇളവ് നൽകിയിരുന്നു. ഇത് ഏകപക്ഷീയമായി റദ്ദാക്കിയപ്പോൾ പ്രതിദിനം രണ്ട് സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടലുടമകൾക്ക് 600 രൂപയോളം അധിച്ചെലവ് വരും. ഇത് ഏറ്റവുമധികം ബാധിക്കുന്നത് ചെറുകിട, ഇടത്തരം ഹോട്ടൽ മേഖലയെയാണ്. കൊവിഡാനന്തരം പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം ഹോട്ടൽ വ്യാപാരമേഖലക്ക് ഇത് കനത്ത തിരിച്ചടിയാണ്. ഇൻസന്റീവ് റദ്ദാക്കിയതിനെ തുടർന്ന് എണ്ണക്കമ്പനികൾക്ക് ലഭിക്കുന്ന അധികവരുമാനം എൽ.പി.ജി സിലിണ്ടറിന്റെ വില കുറയ്ക്കാൻ ഉപയോഗിക്കണം. വാണിജ്യ സിലിണ്ടറിന്റെ വിലകുറയ്ക്കുന്നതുകൊണ്ട് എണ്ണക്കമ്പനികൾക്ക് നഷ്ടം ഉണ്ടാവുന്നില്ല. ചെറുകിട ഇടത്തരം ഹോട്ടൽ മേഖലക്ക് അത് വലിയ ആശ്വാസമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.