ചോറ്റാനിക്കര: വ്യവസായ രംഗത്ത് വൻകുതിപ്പ് സാധ്യമാക്കുന്ന പ്രാപ്തമാക്കുന്ന ആമ്പല്ലൂർ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ പാർക്ക് പദ്ധതി അനിശ്ചിതത്വത്തിൽ. വെറ്റ് ലാൻഡിലാണെന്ന് പറഞ്ഞ് പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കാൻ സാധിക്കില്ലെന്ന് വ്യവസായി മന്ത്രി പി. രാജീവ് നിയമസഭയിൽ അറിയിച്ചിരുന്നു.
പദ്ധതിക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെ വൻ തൊഴിൽ സാദ്ധ്യതയാണ് നഷ്ടമാകുന്നത്. ആമ്പല്ലൂരിൽ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി വരുമാനം ഉയരുകയും ഇറക്കുമതി ചെലവ് ഒഴിവാക്കപ്പെടുകയും ചെയ്യും.
2010ൽ എൽ.ഡിഎഫ് സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി മുന്നോട്ടുപോയെങ്കിലും സ്ഥലം ഏറ്റെടുക്കുൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.ചുരുങ്ങിയത് 100 ഏക്കറെങ്കിലും ഉണ്ടെങ്കിലേ പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങാൻ സാധിക്കുകയുള്ളൂ. എന്നാൽ പതിനഞ്ചേക്കർ ഭൂമി മാത്രമാണ് സർക്കാർ ഏറ്റെടുത്തത്. 100 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് പ്രാരംഭഘട്ടത്തിൽ യു.ഡി.എഫ് സർക്കാർ ആലോചിച്ചത്.
ഏതാനും ഭൂവുടമകളിൽനിന്ന് സ്ഥലം ഏറ്റെടുക്കുകയും മറ്റു ഉടമകളുമായി വില സംബന്ധിച്ച് ധാരണയിലെത്തുകയും ചെയ്തിരുന്നു. കെ.എസ്.ഐ.ഡി.സിയെ ചുമതലയേൽപ്പിച്ചിരിക്കുന്ന പദ്ധതി പ്രകാരം
വൻകിട വ്യവസായ കമ്പനികളെ കൂടാതെ ചെറുകിട യൂണിറ്റുകൾക്കും ഇടമൊരുക്കുന്ന ഇലക്ട്രോണിക്സ് പാർക്കാണ് വിഭാവനം ചെയ്യുന്നത്.
ഒറിജിനൽ എക്യുപ്മെന്റ്സ് മാനുഫാക്ചേഴ്സ്, കോൺട്രാക്ട് മാനുഫാക്ചേഴ്സ്, ഡിസൈൻ ഡെവലപ്മെന്റ്, റിസർച്ച് ഡെവലപ്മെന്റ്, സെമി കണ്ടക്ടർ മാനുഫാക്ചേഴ്സ് തുടങ്ങിയ യൂണിറ്റുകളും ഡിസപ്ലേ ടെക്നോളജി, ഒപ്റ്റിക്കൽ സ്റ്റേജ് ഡിവൈസസ്, ടെലികോം എക്യുപ്മെന്റ്സ്, ട്രാൻസ്മിഷൻ സിഗ്നലിംഗ് എക്യുപ്മെന്റ്സ് തുടങ്ങിയവയും ഹാർഡ്‌വെയർ പാർക്കിൽ ഉണ്ടാവും.
ഭൂഉടമകൾ പ്രതിസന്ധിയിൽ
പദ്ധതിക്ക് 119 പേരിൽ നിന്ന് സ്ഥലം ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. സർക്കാർ സ്ഥലം ഏറ്റെടുക്കൽ പ്രഖ്യാപിച്ചതോടെ വരുമാനമാർഗമായിരുന്ന കൃഷി വരെ ഉടമകൾ നിർത്തി. 2016ൽ അനുവദിച്ച 13 കോടി വിനിയോഗിച്ച് 15 പേരിൽ നിന്ന് 15.25 ഏക്കർ
ഏറ്റെടുക്കാൻ കരാർ എഴുതി 50% തുകയായ 8.26 കോടി നൽകി. 11.87 ഏക്കർ സ്ഥലം മാത്രമാണ് പൂർണമായി ഏറ്റെടുത്തിട്ടുള്ളത്. കുറച്ച് സ്ഥലത്തിന് മുൻകൂർ പണം നൽകിയിട്ടുണ്ടെങ്കിലും ഏറ്റെടുക്കൽ നീണ്ടുപോകുന്നതിനാൽ ഉടമകൾ പ്രതിസന്ധിയിലാണ്.
**
പിറവം എംഎൽഎ അനൂപ് ജേക്കബ്
പദ്ധതി പ്രദേശം വെറ്റ്ലാൻഡ് എന്ന പേരിൽ ഉപേക്ഷിക്കാനുള്ള നീക്കമാണ് എൽ.ഡി.എഫ് സർക്കാർ നടത്തുന്നത്. എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഉണ്ടായിരുന്ന പദ്ധതിയാണ് ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക്. പദ്ധതി പ്രദേശം വെറ്റ്ലാൻഡ് അല്ല.