 
കുറുപ്പംപടി: വേങ്ങൂർ കൊച്ചുപുരയ്ക്കൽ കടവ് പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായി. വെളിയത്ത് പോൾ വർഗീസിന്റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിൽ കാട്ടാനക്കൂട്ടം വൻനാശമുണ്ടാക്കി. തിങ്കളാഴ്ച രാത്രി പ്രദേശത്തെത്തിയ കാട്ടാനക്കൂട്ടം പകൽ പിൻവാങ്ങിയെങ്കിലും വീണ്ടും ഇന്നലെ രാത്രി തിരിച്ചെത്തി. ഇരുപതോളം തെങ്ങുകൾ, നിരവധി കവുങ്ങുകൾ, 120 ഓളം വാഴകൾ, മറ്റു ഫല വൃക്ഷങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു. രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കൊച്ചുപുരയ്ക്കൽ കടവിനടുത്തുള്ള പന്തിരുകുടി കടവിലൂടെയാണ് കാട്ടാനകൾ കൃഷിഭൂമിയിലേക്ക് കടന്നു വന്നത്. കൃഷിഭൂമിയിൽ പശുക്കൾക്കുവേണ്ടി വളർത്തിയിരുന്ന പുല്ലു കൃഷിയും ആനകൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
പന്തിരുകുടി കടവിൽ വന്യമൃഗങ്ങൾ കയറാതിരിക്കാനുള്ള യാതൊരു സംവിധാനങ്ങളും ഇല്ല. പ്രദേശത്തിന്റെ ഒരുഭാഗം സോളാർവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനക്ഷമമായിട്ടില്ല. ആനപ്പേടിയിൽ പുറത്തിറങ്ങാൻ നാട്ടുകാർ ഭയക്കുകയാണ്. പ്രദേശത്ത് തങ്ങുന്ന കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് അധികൃതർ മുൻകൈയെടുത്ത് കാട്ടിലേക്ക് തിരിച്ചുകയറ്റി വിടാത്തതാണ് പ്രധാനപ്രശ്നമെന്നാണ് പ്രദേശവാസികളുടെ ആരോപണം. പ്രധാനപ്പെട്ട ജനവാസ മേഖലയാണ് ഇത്.