തോപ്പുംപടി: അരി വിലയും മറ്റു സാധനങ്ങളുടെയും വില കുത്തനെ ഉയർന്നതോടെ ഹോട്ടലുടമകൾ പ്രതിസന്ധിയിൽ . കുത്തരി കിലോയ്ക്ക് 80ഉം വെള്ള അരിക്ക് 70 രൂപയായും ഉയർന്നു.
ജി.എസ് ടി വരുന്നതാണ് വില കൂടാൻ കാരണം. പച്ചക്കറിയുടെ വിലയും കൂടിയത് വില കൂട്ടുവാൻ കാരണമായി മാറുകയാണ്. 50-60 രൂപയ്ക്ക് ഹോട്ടലുകളിൽ നൽകിയിരുന്ന പച്ചക്കറി ഊണിന് ഇനി മുതൽ 80 രൂപ കൊടുക്കേണ്ട അവസ്ഥയാണ്. ഊട്ടി ഉരുളക്കിഴങ്ങ് കിലോ 52 രൂപയും സാദാ കിഴങ്ങ് 40,കൂർക്ക - 70,സവാള - 50, പച്ചമുളക് - 60, പാവയ്ക്ക - 70, പച്ചക്കായ - 50, നല്ല കടല 100 ഉം സാധാരണ കടല 90 ഉം ആയി. എന്നാൽ വഴിയരികിൽ പെട്ടി ഓട്ടോ റിക്ഷയിൽ വിൽപ്പന നടത്തുന്ന തമിഴ് നാട് ചെറിയ തക്കാളി 4 കിലോ 100 രൂപയ്ക്കാണ് വിൽപന. പാൽ വില കൂടാനിരിക്കുന്ന സാഹചര്യത്തിൽ ചായ 10 എന്നത് 12 ആയി ഉയരും. 5 രൂപ കടികൾ പലരും നിർത്തലാക്കി 8 രൂപയാക്കി ഉയർത്തി. 5 കിലോ ചാക്ക് വെള്ള അരി വിപണിയിൽ 330 രൂപയായി ഉയർന്നു. കുത്തരി 5 ന് 400 രൂപയായും ഉയർന്നു. ഒരു കിലോ സാദാ വെളിച്ചെണ്ണയ്ക്ക് 160 രൂപയായി ഉയർന്നു. എന്നാൽ ചക്കിലാട്ടിയ നാടൻ വെളിച്ചണ്ണ 240 രൂപയാണ്. തൃശൂർ ഭാഗത്തു നിന്നും വരുന്ന വെളിച്ചണ്ണയാണ് വൻതോതിൽ കൊച്ചിയിൽ വിൽപന നടത്തുന്നത്.
വാടക, കറണ്ട് ബിൽ, ജോലിക്കാരുടെ കൂലി, നികുതി എന്നിവ നൽകി കഴിഞ്ഞാൽ ലാഭം ഒന്നും ലഭിക്കുന്നില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. മട്ടൻ - 700, ബീഫ് - 340, ചിക്കൻ ശനി, ഞായർ ദിവസങ്ങളിൽ 170 വരെയും സാധാരണ ദിവസം 150 വരെയും ഉയർന്നു.
ഉയർന്ന് മീൻ വിലയും
മീനിനും വില കുത്തനെ ഉയരുകയാണ്. 100 രൂപ ഉണ്ടായിരുന്ന ചാള - അയല 160 ആയി ഉയർന്നു. മറ്റുമീനുകൾക്കും വിലകാര്യമായി കൂടിയിരിക്കുകയാണ്.
സാധനങ്ങളുടെ വിലക്കയറ്റം വളരെധധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. വില കൂട്ടാതെ ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല. സജീവൻ, ഹോട്ടലുടമ, പള്ളുരുത്തി സ്വദേശി