കൊച്ചി: കടമക്കുടി ഗ്രാമപഞ്ചായത്തിലെ പിഴല മൂലമ്പള്ളി പാലത്തിന്റെ കണക്ടിവിറ്റി റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കും. റോഡിന്റെ നിർമാണോദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. 350 മീറ്റർ ദൂരത്തിൽ 9 മീറ്റർ വീതിയിലാണ് കണക്ടിവിറ്റി റോഡ് നിർമ്മിക്കുന്നത്. ഗോശ്രീ ഇൻലാൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് (ജിഡ )സാമ്പത്തിക സഹായം നൽകുന്നത്. 2.9 കോടി രൂപയാണ് മുതൽമുടക്ക്.
കണ്ടെയ്‌നർ റോഡിൽ നിന്ന് പിഴല ഭാഗത്തേക്കുള്ള ഏക പാതയാണിത്. അതിനാൽ ഗതാഗതം നിലനിർത്തിയാണ് റോഡ് നിർമ്മാണം നടത്താൻ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ കോക്കനട്ട് പൈലിംഗ് നടത്തി മണ്ണിട്ട് റോഡ് നിർമ്മിക്കാനാവശ്യമായ സ്ഥലം ഒരുക്കും. 25 മീറ്റർ നീളത്തിലുള്ള സ്‌ട്രെച്ചുകളായാണ് പൈലിംഗ് നടത്തുന്നത്. അടുത്ത വർഷം ആഗസ്റ്റിനു ശേഷം മാത്രമേ ടാറിംഗ് ആരംഭിക്കുകയുള്ളൂ. പൈലിംഗ് നടത്തിയ ശേഷമിടുന്ന മണ്ണ് ഉറയ്ക്കാൻ വേണ്ടിയാണ് ഈ സമയം അനുവദിച്ചിരിക്കുന്നത്. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ ഗ്രാമീണ ടൂറിസം പദ്ധതികൾക്കും മറ്റു വികസനങ്ങൾക്കും വഴിയൊരുങ്ങുമെന്നു കരുതപ്പെടുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് ചടങ്ങിൽ അദ്ധ്യക്ഷയായി. ജിഡ സെക്രട്ടറി രഘുറാം, വി.വി ജോസഫ്, കടമക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിബിൻ രാജ്, അംഗങ്ങളായ ജിയ, ലിസമ്മ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു