കൊച്ചി: എറണാകുളം എളംകുളത്ത് നേപ്പാൾ സ്വദേശി ഭാഗീരഥി ഗാമിയെ (30) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ കാരണം അവരുടെ ഗർഭത്തെ ചൊല്ലിയുള്ള തർക്കമെന്ന് വിവരം. യുവതിയുടെ വാട്‌സ്ആപ്പ് ചാറ്റാണ് കൊലപാതകത്തിലേക്ക് വഴിതുറന്നതെന്നാണ് അറിയുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ഭാഗീരഥി ഗർഭിണിയല്ല. എന്തിനായിരുന്നു റിസൾട്ടുൾപ്പെടെ പങ്കുവച്ചുള്ള ചാറ്റിംഗ് എന്നത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. യുവതി മണിക്കൂറോളം സംസാരിച്ചിരുന്നവരിലേക്ക് അന്വേഷണം നീണ്ടിട്ടുണ്ട്.

നിലവിൽ നേപ്പാൾ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇവരുടെ പങ്കാളി റാം ബഹാദൂർ ബിസ്തിനെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ വ്യക്തത വരൂ. ഇയാളെ വിട്ടുകിട്ടുന്നതിലുള്ള തടസം അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. ഭാഗീരഥിയും പ്രതിയെന്ന് സംശയിക്കുന്ന റാം ബഹാദൂറും നേപ്പാൾ സ്വദേശികളായതിനാൽ കേസ് തങ്ങൾ ഏറ്റെടുക്കാമെന്ന നിലപാടിലാണ് നേപ്പാൾ പൊലീസ്. റാം ബഹാദൂറിനെ വിട്ടുകിട്ടാൻ കേന്ദ്ര സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.