* ടൂറിസം മേഖലയിൽ ആശങ്ക
ഫോർട്ടുകൊച്ചി: പൈതൃകനഗരി പുതുവർഷാഘോഷത്തിന് ഒരുങ്ങുമ്പോൾ കൊച്ചി സ്മാർട്ട് സിറ്റി മിഷന്റെ കീഴിൽ നടക്കുന്ന നിർമാണ ജോലികളിൽ പലതും ഇഴഞ്ഞ് നീങ്ങുന്നത് ആശങ്കപരത്തുന്നു. ഇത്തവണ ഫോർട്ട്കൊച്ചിയിൽ കാർണിവൽ റാലി ഉൾപ്പെടെ നടത്തുവാനാണ് തീരുമാനം. റാലി കടന്ന് പോകുന്ന കെ.ബി. ജേക്കബ് റോഡിലെ ഓടകൾ നിർമാണത്തിനായി പൊളിച്ചിട്ട് വർഷം രണ്ടായെങ്കിലും ജോലി ഇപ്പോഴും ഇഴഞ്ഞുതന്നെ നീങ്ങുകയാണ്. നിലവിൽ ഒരു ഓട ഉള്ളപ്പോൾത്തന്നെയാണ് മറ്റൊരു ഓട നിർമിക്കുന്നത്.
* ഓട നിർമാണം പാതിവഴിയിൽ
ഓടനിർമാണം പാതിവഴിയിലായതോടെ അപകടങ്ങളും പതിവാണ്. സാധാരണ നിലയിൽത്തന്നെ കാർണിവൽ ദിവസങ്ങളിൽ ഏറെ തിരക്കനുഭവപ്പെടുന്ന കെ.ബി. ജേക്കബ് റോഡിൽ ഓട നിർമാണം പൂർത്തിയാകാത്തത്ത് പ്രശ്നമാകും. ഇതിലൂടെ സഞ്ചരിക്കുന്നവർ കുഴയും. അപകടങ്ങൾക്കും ഇത് വഴിയൊരുക്കും. ഇത്തവണ ബിനാലെയും ഉണ്ടെന്നതിനാൽ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുമെന്നുറപ്പാണ്.
* ആരോട് പരാതിപ്പെടാൻ
ഫോർട്ടുകൊച്ചി ടൂറിസം മേഖലയിലെ പല നിർമാണ പ്രവർത്തനങ്ങളും ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ്. പലർക്കായാണ് നിർമാണ പ്രവൃത്തികളുടെ കരാർ നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സി.എസ്.എം.എൽ ജോലികളെ സംബന്ധിച്ച് ആരോട് പരാതിപ്പെടും എന്നറിയാത്ത സാഹചര്യമാണ്.
ഒന്നുമുതൽ അഞ്ചുവരെയുള്ള ഡിവിഷനുകളിലാണ് സി.എസ്.എം.എൽ പ്രവൃത്തികൾ നടക്കുന്നത്. ഇവിടങ്ങളിലെല്ലാം നിർമ്മാണജോലികൾ ഇഴഞ്ഞുനീങ്ങുന്നത് ജനപ്രതിനിധികളേയും വലക്കുന്നുണ്ട്. നാട്ടുകാർ പരാതിയുമായി ജനപ്രതിനിധികളെ സമീപിക്കുമ്പോൾ ഇവർക്കും ഇരിക്കപ്പൊറുതിയില്ല. ഹൈബി ഈഡൻ എം.പി ഉൾപ്പെടെയുള്ളവർ പലതവണ സി.എസ്.എം.എൽ അധികൃതരുടെ യോഗം വിളിച്ചെങ്കിലും നിർമ്മാണപ്രവൃത്തി പൂർത്തിയാക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പുതുവത്സാരാഘോഷങ്ങൾ തുടങ്ങുന്നതിന് മുമ്പ് നിർമ്മാണജോലികൾ പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.