ambal
മുളവൂർ സർക്കാർ സ്‌കൂളിലെ ആമ്പൽ കുളമൊരുക്കുന്ന ബോബി.എസ്.നെല്ലിക്കൽ.

മൂവാറ്റുപുഴ: മുളവൂർ ഗവ. യു.പി സ്‌കൂളിലെ ആമ്പൽക്കുളത്തിൽ വർണവിസ്മയം തീർത്ത് ആമ്പൽപ്പൂക്കൾ വിരിയാനൊരുങ്ങുന്നു. സ്‌കൂളിലെ ആമ്പൽക്കുളത്തിൽ മൂവാറ്റുപുഴ നെല്ലിക്കൽ ബോബി എസ്. നെല്ലിക്കലാണ് സൗജന്യമായി ആമ്പൽനട്ട് നൽകിയത്, സ്‌കൂളിന് മുന്നിൽ വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച ആമ്പൽക്കുളം കൊവിഡ് മഹാമാരിയെത്തുടർന്ന് സ്‌കൂൾ അടച്ചതോടെ നാശത്തിന്റെ വക്കിലായിരുന്നു.

പി.ടി.എയുടെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ കഴിഞ്ഞദിവസം ആമ്പൽക്കുകുളം ശുചീകരിച്ചു. ഹെഡ്മിസ്ട്രസ് എം.എച്ച്. റംലത്ത്, പി.ടി.എ പ്രസിഡന്റ് പി.പി. അഷറഫ്, കമ്മിറ്റി സഫീർ ഓലിപ്പാറ എന്നിവരുടെ നേതൃത്വത്തിൽതയ്യാറാക്കിയ കുളത്തിൽ വിവിധ വർണങ്ങളിലുള്ള ആമ്പലുകൾ ബോബിയാണ് നട്ടുപിടിപ്പിച്ചത്. ആമ്പലുകളെ സ്‌നേഹിക്കുന്ന ബോബിയുടെ വീട്ടിൽ വിദേശത്തുള്ളതടക്കം 25 ഇനം ആമ്പൽച്ചെടികളാണുള്ളത്. ആമ്പൽ അഡീനിയം, ബോഗൺ വില്ല. വാട്ടർ ലില്ലി അടക്കമുള്ളവയുടെ വൻശേഖരവം ഉണ്ട്. 2018ലെ മഹാപ്രളയത്തിൽ ഓർക്കിഡ് അടക്കമുള്ള ലക്ഷക്കണക്കിന് രൂപയുടെ ചെടികളുടെ വൻശേഖരം നശിച്ചിരുന്നു. ഇതേത്തുടർന്നാണ് ബോബി ആമ്പൽ അടക്കമുള്ള ജലസസ്യങ്ങളിലേയ്ക്ക് തിരിയാൻ കാരണം. വളർത്ത് മത്സ്യങ്ങളുടെ ശേഖരവും ഉണ്ട്. സഹായത്തിനായി ഭാര്യ രഞ്ജു ബോബി, മക്കളായ സൈറ ബോബി, റിയ ബോബി, സൂസൺ ബോബി എന്നിവരും പിന്തുണയുമായുണ്ട്.