കൊച്ചി: ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നാലു വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി. വടക്കൻപറവൂർ നഗരസഭയിലെ വാണിയക്കാട് (വാർഡ്-14), വടവുകോട് ബ്ലോക്ക്‌ പഞ്ചായത്തിലെ പട്ടിമറ്റം (വാർഡ്-3), പൂതൃക്ക ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞി (വാർഡ്- 14), കീരമ്പാറ ഗ്രാമപഞ്ചായത്തിലെ മുട്ടത്തുകണ്ടം (വാർഡ്-6) എന്ളിനി​വി​ടങ്ങളി​ലായി​രുന്നു ഉപതിരഞ്ഞെടുപ്പ്.

വടക്കൻപറവൂരിൽ 88.55, വടവുകോട് 76.75, പൂതൃക്കയിൽ 77.17, കീരമ്പാറയിൽ 78.81 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. പട്ടിമറ്റം ഡിവിഷനിൽ ഇടത്-വലത്-ട്വന്റി​-20 മുന്നണികൾ തമ്മിൽ ശക്തമായ ത്രികോണമത്സരം നടന്നപ്പോൾ പൂതൃക്കയിൽ ഇടത്-വലത് മുന്നണികൾ തമ്മിൽ നേരിട്ടുള്ള മത്സരമായി​രുന്നു. വോട്ടെണ്ണൽ ഇന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കും.

പറവൂർ നഗരസഭയിലെ വാണിയക്കാട് വെയർഹൗസിലെ പോളിംഗ് ബൂത്തിൽ കള്ളവോട്ട് നടന്നു. യഥാർത്ഥ വോട്ടർ വോട്ട് ചെയ്യാൻ എത്തിയപ്പോൾ മറ്റൊരാൾ നേരത്തെ വോട്ട് ചെയ്തതായി കണ്ടെത്തുകയായിരുന്നു. ആരാണ് വോട്ട് ചെയ്തതെന്ന് വ്യക്തമല്ല. ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചതാകാനും സാദ്ധ്യതയുണ്ട്. പിന്നീട് യഥാർത്ഥ വോട്ടറെക്കൊണ്ട് ടെൻഡർ വോട്ട് ചെയ്യിച്ചു. രണ്ട് സ്ഥാനാർഥികൾക്ക് വോട്ടുകൾ തുല്യമായി വന്നാലേ ടെൻഡർ വോട്ട് എടുക്കുകയുള്ളൂ.

രമ്യ രജീവ് എൻ.ഡി.എ, നിമിഷ ജിനേഷ് എൽ,ഡി,എഫ്, രേഖ ദാസൻ യു.ഡി.എഫ്, എന്നിവരാണ് സ്ഥാനാർഥികൾ. ബി.ജെ.പി കൗൺസിലറായിരുന്ന കെ.എൽ. സ്വപ്ന രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 70 വോട്ടി​ന്റെ ഭൂരിപക്ഷത്തിനാണ് സ്വപ്ന ജയിച്ചത്. എൽ.ഡി.എഫ് രണ്ടാം സ്ഥാനത്തും യു.ഡി.എഫ് മൂന്നാം സ്ഥാനത്തുമായിരുന്നു. നഗരസഭ ഭരിക്കുന്ന യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഭരണമാറ്റം ഉണ്ടാകില്ല. 29 വാർഡുകളുള്ള നഗരസഭയിൽ യു.ഡി.എഫ് 15, എൽ.ഡി.എഫ് 13, എൻ.ഡി.എ 3, സ്വത്രന്തൻ ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.