കോലഞ്ചേരി: ട്വന്റി 20യുടെ വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീതിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ മുന്നണികൾ നീക്കംതുടങ്ങി. ഭരണം തുലാസിലായ വടവുകോട്ടിൽ ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചതോടെയാണിത്. പ്രസിഡന്റായിരുന്ന വി.ആർ. അശോകന്റെ നിര്യാണത്തെത്തുടർന്ന നടന്ന ഉപതിരഞ്ഞെടുപ്പിൽ അശോകന്റെ ഭാര്യ ശ്രീജയാണ് വിജയിച്ചത്.

ആകെ 13 അംഗങ്ങളുള്ള ബ്ളോക്ക് പഞ്ചായത്തിൽ ട്വന്റി20- 5, യു.ഡി.എഫ് -5 , എൽ.ഡി.എഫ് -3 എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ എൽ.ഡി.എഫ് പിന്തുണയ്ക്കുമെന്നാണ് സൂചന. എന്നാൽ തുടർന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയ്ക്കാനും ഇടയില്ല. ഇതോടെ 5 വീതം അംഗങ്ങളുള്ള ട്വന്റി20, യു.ഡി.എഫ് കക്ഷികൾ തമ്മിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കും. ടോസ് നേടുന്നയാൾ പ്രസിഡന്റാകും.

നേരത്തെ യു.ഡി.എഫിന്റെ പ്രതിനിധിയായാണ് അശോകൻ പ്രസിഡന്റ് പദം വഹിച്ചിരുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനവും ഒരു സ്​റ്റാൻഡിംഗ് കമ്മി​റ്റിയും യു.ഡി.എഫിനും രണ്ട് സ്​റ്റാൻഡിംഗ് കമ്മി​റ്റി സ്ഥാനം എൽ.ഡി.എഫിനും ലഭിച്ചു. അന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ട്വന്റി20 വിട്ടുനിന്നിരുന്നു. ഇതേത്തുടർന്നാണ് അഞ്ച് അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. നിലവിൽ ഇവിടെ എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾക്കാണ് സ്​റ്റാൻഡിംഗ് കമ്മി​റ്റികളിൽ ഭൂരിപക്ഷം. അശോകന്റെ മരണത്തെത്തുടർന്നാണ് ട്വന്റി 20യുടെ പ്രതിനിധി റസീന പരീത് പ്രസിഡന്റായത്.