sreeja
ശ്രീജ അശോകൻ

കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ രണ്ട് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീ​റ്റ് നിലനിർത്തി. വടവുകോട് ബ്ലോക്കിലെ പട്ടിമ​റ്റം ഡിവിഷൻ, പൂതൃക്ക പഞ്ചായത്ത് പതിനാലാംവാർഡ് എന്നിവിടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്.

വടവുകോട് ബ്ലോക്കിലെ പട്ടിമ​റ്റം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീജ അശോകൻ ട്വന്റി20 സ്ഥാനാർത്ഥി സി.കെ. ഷമീറിനെ 78 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. അവസാനംവരെ ആകാംക്ഷ നിറഞ്ഞ വോട്ടെണ്ണലിൽ ട്വന്റി20 സ്ഥാനാർത്ഥിയുടെ അപരൻ എസ്.എ. ഷമീർ നേടിയ 132 വോട്ടുകളാണ് യു.ഡി.എഫിന് തുണയായത്.സി.പി.എം സ്ഥാനാർത്ഥി കെ.എം. ഇബ്രാഹിം മൂന്നാംസ്ഥാനത്തായി. എൽ.ഡി.എഫ് കൺവീനർ ജോർജ് ഇടപ്പരത്തിയുടെ വീട‌ിരിക്കുന്ന ബൂത്തിൽ മാത്രമാണ് ഡിവിഷനിൽ എൽ.ഡി.എഫ് ലീഡ് ചെയ്തത്. യു.ഡി.എഫ് സ്ഥാനാർത്ഥി 2749 വോട്ടുകൾ നേടിയപ്പോൾ ട്വന്റി20 സ്ഥാനാർത്ഥി 2671 വോട്ടുകൾ നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി 1808 വോട്ടുകളും എസ്.ഡി.പി.ഐ സ്ഥാനാർത്ഥി 479 വോട്ടും ബി.ജെ.പി.സ്ഥാനാർത്ഥി 322 വോട്ടും നേടി.

പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞി വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മോൻസി പോൾ സി.പി.എമ്മിലെ പി.വി. ജോസിനെ 138 വോട്ടിന് പരാജയപ്പെടുത്തി. യു.ഡി.എഫ് 575, എൽ.ഡി.എഫ് 430, ബി.ജെ.പി 50 എന്നിങ്ങനെയാണ് വോട്ടിംഗ് നില. യു.ഡി.എഫ് ഭരിക്കുന്ന പൂതൃക്കയിൽ ഇതോടെ കക്ഷിനില 9- 5 എന്ന നിലയിലായി.