
കൊച്ചി: നൂറുകോടി രൂപയുടെ കുടിശിക നൽകാമെന്ന മേയറുടെ ഉറപ്പ് പാഴ്‌വാക്കായയോടെ കോർപ്പറേഷനിലെ കരാറുകാർ പ്രക്ഷോഭത്തിലേക്ക്. പൂർത്തിയാക്കിയ പ്രവൃത്തികളുടെ പ്രതിഫലം ആവശ്യപ്പെട്ട് കോർപ്പറേഷനിലെ കരാറുകാർ അധികൃതരുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 42 മാസത്തെ കുടിശികയായി നൂറു കോടിയിലേറെ രൂപയാണ് ലഭിക്കാനുള്ളത്.
ധർണകൾക്കും സമരങ്ങൾക്കും ഒടുവിൽ ജൂലായ് ഒന്നിന് മേയർ വിളിച്ചു ചേർത്ത ചർച്ചയിൽ 2019 സെപ്തംബർ വരെയുള്ള കുടിശിക ഒക്ടോബറിനു മുൻപ് നൽകാമെന്ന് രേഖാമൂലം ഉറപ്പും നൽകി. 2019 മേയ് വരെയുള്ള തുകയാണ് അനുവദിച്ചത്. 2019 ഡിസംബർ വരെയുള്ള തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാർ മേയർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. ഇതോടെയാണ് കരാറുകാർ സമരപാതയിലേക്ക് കടക്കുന്നത്. സമരത്തിന് മുന്നോടിയായി കേരള ഗവ. കോൺട്രാക്‌ടേഴ്സ് ഫെഡറേഷനും (കെ.ജി.സി.എഫ്) കൊച്ചിൻ കോർപ്പറേഷൻ കോൺട്രാക്‌ടേഴ്സ് അസോസിയേഷനും (സി.സി.സി.എ) ചേർന്ന് ഇന്നലെ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കരാറുകാർ പറഞ്ഞു
* പ്രതിസന്ധിയിൽ
വൻതുക കുടിശികയായതു മൂലം കരാറുകാർ കടുത്ത പ്രതിസന്ധിയിലാണ്. നിർമ്മാണവസ്തുക്കൾ എത്തിച്ചുനൽകുന്നവർക്കും തൊഴിലാളികൾക്കും പണം നൽകാൻ നിവൃത്തിയില്ലാത്തതിനാൽ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിയുന്നില്ല. 2020 ഡിസംബർ വരെയുള്ള തുകയെങ്കിലും നൽകണമെന്ന് സംഘടനാ ഭാരവാഹികളായ എം.ആർ. ബിനു, പി.ജി. യേശുദാസ്, ബിനു തരകൻ, വി.എസ്. ഹെൻറി, എം.ജെ. സൈമൺ എന്നിവർ ആവശ്യപ്പെട്ടു. ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയതു മൂലമുള്ള അധികബാദ്ധ്യതയും കോർപ്പറേഷൻ നൽകണം. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി സീനിയോരിറ്റി ലംഘിച്ച് പണം അനുവദിക്കുന്നതും നിയമവിരുദ്ധമായ പ്രയോരിറ്റി സംവിധാനവും നിർത്തലാക്കണമെന്നും അവർ പറഞ്ഞു.
* വികസനത്തെ ബാധിച്ചു
കുടിശിക നൽകാത്തതിനാൽ കരാറുകാർ ഡിവിഷൻ പ്രവൃത്തികൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്ന് കൗൺസിലർമാർ പറയുന്നു. ഇത് വികസനപ്രവർത്തനങ്ങളെയും ബാധിച്ചു. പ്രവൃത്തികൾ പൂർത്തിയാക്കിയാൽ മൂന്നു മാസത്തിനകം തുക നൽകണമെന്നാണ് നിയമം. ഫണ്ടില്ലാതെ പ്രവൃത്തികൾക്ക് ടെൻഡർ നൽകുന്ന കോർപ്പറേഷൻ അത്തരം മര്യാദകളൊന്നും പാലിക്കാറില്ലെന്ന് കരാറുകാർ കുറ്റപ്പെടുത്തി.