sameem

കൊച്ചി: അഞ്ചുമാസം കൊണ്ട് 35 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന ജീപ്പ്. ഒരുമാസം കൊണ്ട് ബൈക്ക്. ജീപ്പിന് 40,000 രൂപയും ബൈക്കിന് 7,000രൂപയുമാണ് നിർമ്മാണച്ചെലവ്. ആക്രി സാധനങ്ങൾ മാത്രം ഉപയോഗി​ച്ച് മുഹമ്മദ് സമീമെന്ന പതിനേഴുകാരൻ നി​ർമി​ച്ച ബൈക്കി​നും ജീപ്പി​നും ചുറ്റുമായി​രുന്നു സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിലെ പ്രദർശനം കാണാനെത്തിയവരിലേറെയും.

ഓച്ചിറ വയനകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ സമീമി​ന് പിതാവ് അബ്ദു സമദിന്റെ ഓട്ടോയിൽ കുട്ടിക്കാലത്ത് കറങ്ങിയിരുന്ന കുട്ടി​ക്കാലം മുതൽ ഹാർഡ്‌ബോർഡിലും മറ്റും വാഹനങ്ങളുടെ മിനിയേച്ചർ നിർമ്മിക്കുന്നത് ശീലമായിരുന്നു. വയനകം സ്‌കൂളിൽ ഓട്ടോമൊബൈൽ കോഴ്‌സിന് ചേർന്ന സമീമിന് ഓടിക്കാനാകുന്ന ജീപ്പ് നിർമ്മിക്കണമെന്ന ആഗ്രഹം തലയ്ക്ക് പിടിച്ചു. അച്ഛൻ അബ്ദുൾ സമദിനും തയ്യൽ തൊഴിലാളിയായ അമ്മ സലീനയ്ക്കും മകനെ സഹായിക്കാനാകുമായിരുന്നില്ല. അദ്ധ്യാപകരായ സന്തോഷും പ്രശാന്തും അരുണും അജിനും സഹായമേകി​. കായംകുളത്ത് ആദിക്കാട്ടെ ആക്രിക്കടയിൽ നിന്ന് പാർട്‌സുകൾ വാങ്ങി. ജീപ്പിൽ ഓട്ടോയുടെ എൻജിനും മുച്ചക്ര ബൈക്കിൽ സ്പളെൻഡറിന്റെ എൻജിനും ഘടിപ്പിച്ചു. സ്‌ക്വയർ ട്യൂബും ഷീറ്റും ഉപയോഗിച്ച് നിർമ്മിച്ച സ്‌കൂട്ടർ വൈദ്യുതിയിലും പെട്രോളിലും ഓടും.

ആദിത്യൻ സുനിൽ, ഭാഗ്യൻ, മുഹമ്മദ് അഫ്‌സാൻ എന്നീ സുഹൃത്തുക്കളും സമീമിന് കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്. നാട്ടുകാരും സുജിത് വിജയൻപിള്ള എം.എൽ.എയുമെല്ലാം സമീമിന്റെ നിർമ്മാണത്തിന് ചെറിയ സഹായങ്ങൾ നൽകിയിട്ടുണ്ട്.

''ഇത്രയും ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. എല്ലാവരുടെയും പിന്തുണയാണ് വിജയത്തിന് വഴിതെളിച്ചത്.""

സമീം