പറവൂർ: കോട്ടുവള്ളി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ തോന്ന്യകാവ് - തൃക്കപുരം റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പുലൈൻ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു.

കാലപഴക്കമുള്ള പ്രീമോ പൈപ്പുകൾ അടിക്കടി പൊട്ടുന്നതിനാൽ പ്രദേശത്ത് കഴിഞ്ഞ ഒരുമാസത്തിലധികമായി കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. പൈപ്പുലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിന് 290ലക്ഷം രൂപയ്ക്കുള്ള പുതുക്കിയ ഭരണാനുമതി നൽകുവാൻ ജലസേചന മന്ത്രി റോഷി അഗസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 240.10 ലക്ഷം രൂപ അനുവദിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തിയതിനാൽ റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കാൻ സാധിച്ചില്ല. പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് ജലസേചന മന്ത്രിക്ക് നൽകിയിട്ടുള്ളത്. ഭരണാനുമതി പുതുക്കി ലഭിച്ചാലുടൻ ടെൻഡർ നടപടികൾ സ്വീകരിച്ച് പുതിയ പുതിയ പൈപ്പുകൾ സ്ഥാപിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.