udf
കീഴ്മാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന് വീണ്ടും ദീർഘനാൾ അവധി അനുവദിക്കുന്നതിനെതിരെ നടന്ന പ്രതിപക്ഷ പ്രതിഷേധം

ആലുവ: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വീണ്ടും ദീർഘനാളത്തെ അവധിയെടുത്ത് ജോലിക്കായി വിദേശത്തേക്ക് പോയതിൽ പ്രതിഷേധിച്ച് കീഴ്മാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷ പ്രതിഷേധവും വാക്കൗട്ടും. വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ വിദേശത്ത് ആറുമാസത്തെ ജോലിക്കുശേഷം ഒന്നരയാഴ്ച്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ഇന്നലത്തെ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തശേഷം വീണ്ടും മൂന്നരമാസത്തെ അവധി അപേക്ഷ നൽകി രാത്രിയോടെ വീണ്ടും വിദേശത്തേക്ക് പറന്നു. പഞ്ചായത്ത് കമ്മിറ്റിയിൽ അവധി അപേക്ഷ പരിഗണനയ്ക്ക് വന്നപ്പോൾ പ്രതിപക്ഷത്തെ എട്ട് മെമ്പർമാർ വിയോജിപ്പ് രേഖപ്പെടുത്തി. ഭരണപക്ഷത്തെ സി.പി.എം പ്രതിനിധികളായ ഒമ്പതുപേർ അനുകൂലിച്ചു. ഇതോടെ പ്രതിപക്ഷം യോഗം ബഹിഷ്കരിക്കുകയും ഓഫീസിന് മുമ്പിലെത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. വൈസ് പ്രസിഡന്റിന്റെകൂടി ഇടപെടലിലാണ് പഞ്ചായത്ത് ഭരണം നടന്നിരുന്നത്. വൈസ് പ്രസിഡന്റ് തുടർച്ചയായി വിദേശത്ത് പോകുന്നത് വികസനത്തെയും ദൈനംദിന പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് ആരോപണം.

ജോലിക്ക് പോകുന്നതിൽ എതിർപ്പില്ല,

ഉത്തരവാദിത്വം നിറവേറ്റണമെന്ന് പ്രതിപക്ഷം

കുടുംബത്തോടൊപ്പം വിദേശത്ത് ജോലിചെയ്ത് ജീവിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയിലിരുന്ന് വിദേശത്തുപോയി ചെയ്യുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. വൈസ് പ്രസിഡന്റിന്റെ ഭാര്യയും മക്കളും വിദേശത്താണ്. കഴിഞ്ഞ ആറുമാസമായി അവിടെ അദ്ദേഹവും ജോലിചെയ്യുകയാണ്. രണ്ടാഴ്ച അവധിക്കെത്തിയശേഷം വീണ്ടും പഞ്ചായത്തിൽനിന്ന് അവധിയെടുത്ത് പോകുന്നത് അംഗീകരിക്കാനാകില്ല. വൈസ് പ്രസിഡന്റിന്റെ വാർഡിൽ തെരുവ് വിളക്ക് തെളിയാത്തതിലും കുടിവെള്ളം ലഭിക്കാത്തതിലും നിരവധി പരാതികളുണ്ട്. അദ്ദേഹം സ്ഥാനം രാജിവെച്ച് മാതൃക കാട്ടാൻ തയ്യാറാകണമെന്നാണ് പ്രതിപക്ഷ ആവശ്യം.

അംഗങ്ങളായ സാജു മത്തായി, ടി.പി. അബ്ദുൽ അസീസ്, കെ.എ. ജോയ്, സാഹിദ അബ്ദുൾ ഖാദർ, സനില, റസീല ശിഹാബ്, നജീബ് പെരിങ്ങാട്ട്, ആബിദ അബ്ദുൽ ഖാദർ എന്നിവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.