uc
യു.സി കോളജ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന കോൺക്ളേവിൽ സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ സംസാരിക്കുന്നു

ആലുവ: യു.സി കോളജ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മാദ്ധ്യമ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത കോൺക്ളേവ് പൊതുസമൂഹത്തിലെ മാറ്റങ്ങൾ സംബന്ധിച്ച തുറന്ന സംവാദവേദിയായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ, മാദ്ധ്യമ പ്രവർത്തകരായ ഹാഷ്മി താജ് ഇബ്രാഹിം, അഭിലാഷ് ജി. നായർ, ജീവൻകുമാർ, ഡോ. പ്രമേഷ്‌കുമാർ, ജോസഫ് സി. മാത്യു (രാഷ്ട്രീയ സാമൂഹിക നിരീക്ഷകൻ), രശ്മി ഭാസ്‌കർ (രാഷ്ട്രീയ നിരീക്ഷക), എൻ.എം. പിയേഴ്‌സൺ (സാമൂഹിക നിരീക്ഷകൻ), എൻ.സി. ഇന്ദുചൂഡൻ (പരിസ്ഥിതി പ്രവർത്തകൻ) എന്നിവർ കേരളവികസനവും പുതുരാഷ്ട്രീയനിലപാടുകളും എന്ന വിഷയത്തിൽ ചർച്ചയിൽ പങ്കെടുത്തു.

ഹാഷ്മി താജ് ഇബ്രാഹിം നയിച്ച ചർച്ചയിൽ റേറ്റിംഗിനായി മാദ്ധ്യമങ്ങൾ നടത്തുന്ന നീക്കത്തെ' സംബന്ധിച്ച് മാദ്ധ്യമ പ്രതിനിധികൾ നടത്തിയ സ്വയംവിമർശനം ഹർഷാരവത്തോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. വിദ്യാർത്ഥികൾ തുടർപഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ചേക്കേറുമ്പോൾ കേരള മോഡൽ എന്നവകാശപ്പെടുന്ന കേരളത്തിലേക്ക് എന്തുകൊണ്ട് ഇങ്ങനെയൊരു കുത്തൊഴുക്ക് ഉണ്ടാകുന്നില്ലെന്ന ചോദ്യം ചർച്ചയിൽ ഉയർന്നു.

വികസനത്തെ എതിർക്കുന്ന രാഷ്ട്രീയനിലപാടുകൾ, വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ പലായനം തുടങ്ങി കേരളത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചയായി. ഡോ. സിബു മോടയിൽ (യു.സി കോളേജ് ബർസാർ), എൽദോസ് രാജേഷ് എന്നിവർ സംസാരിച്ചു. ഡോ.എം.ഐ. പുന്നൂസ്, ജയ്‌സൺ പാനികുളങ്ങര, ഡോ. ജനി പീറ്റർ എന്നിവർ പ്രസംഗിച്ചു.

എക്‌സിബിഷനിൽ തിരക്കേറി

ശതാബി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സെന്റീനൽ വിസ്റ്റ എന്ന മെഗാ എക്‌സിബിഷനിൽ ഇന്ത്യൻ നേവിയുടെ പ്രദർശനം ശ്രദ്ധേയമായി. ഇന്ത്യൻ നേവിയുടെ സബ് മറൈൻ ഉപകരണങ്ങളായ ഡൈവിംഗ് സിലിണ്ടേഴ്‌സ്, എമർജൻസി കമ്മ്യൂണിക്കേഷൻ ഡിവൈസസ്, ഡൈവിംഗ് സ്യൂട്ട്, സിംഗിൾ സീറ്റർ ഫൈറ്റർ എയർ ക്രാഫ്റ്റാആയ സീഹാറിയറിന്റെ നിശ്ചലമാതൃക തുടങ്ങിയവയും പ്രദർശിപ്പിച്ചിട്ടുണ്ട്. 1983ൽ ഇന്ത്യൻ നേവി സർവീസിൽ പ്രവേശിച്ച് സീഹാറിയർ 32 വർഷത്തെ സർവീസിനുശേഷം പിന്നീട് 2016ൽ ഡീകമ്മീഷൻ ചെയ്തു.