കൊച്ചി: സംസ്ഥാന സ്കൂൾ ശാസ്‌ത്രോത്സവത്തിലെ വൊക്കേഷണൽ എക്‌സ്‌പോയിൽ കുട്ടികളൊരുക്കിയ സ്റ്റാളുകൾ സന്ദർശകർക്ക് വിസ്‌മയമായി.
പ്ലസ്ടു പഠനത്തിനു പിന്നാലെ തൊഴിലിലേക്ക് ഇറങ്ങാനാകുന്ന തരത്തിലുള്ളതാണ് ഓരോ കണ്ടെത്തലും. പാലിൽ നിന്ന് 30ലധികം മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ തുടങ്ങി, സോളാർ തൊട്ടിൽ, മൊബൈൽ ആപ്പുകൾ, സെൽഫി ബുക്ക് നിർമ്മാണം, ചപ്പാത്തി പരത്താനുള്ള യന്ത്രം, വാഹനമോടിക്കുമ്പോൾ ഉറങ്ങിയുണ്ടാകുന്ന അപകടങ്ങൾ തടയുന്ന അലാറം ഉൾപ്പെടുന്ന കണ്ണട വരെ ഓരോന്നും കൗതുകമുണർത്തുന്നതാണ്.
കൗമാരപ്രതിഭകൾ ഭാവി മുന്നിൽക്കണ്ടു ഒരുക്കിയ പദ്ധതികൾ ആരെയും ചിന്തിപ്പിക്കും. മൊബൈൽ ആപ്പ് ഉപയോഗിച്ച് തെരുവുവിളക്കുകൾ തെളിയിക്കാനാകുന്ന സ്മാർട്ട് സ്ട്രീറ്റ്, സഞ്ചരിക്കുമ്പോൾ ചാർജാകുന്ന സോളാർ കാർ അങ്ങനെ നീളും പട്ടിക.
വി. കരിക്കുലം, മോസ്റ്റ് ഇന്നൊവേറ്റീവ്, മോസ്റ്റ് മാർക്കറ്റബിൾ, മോസ്റ്റ് പ്രോഫിറ്റബിൾ എന്നീ നാല് വിഭാഗങ്ങളിലായി 84 സ്റ്റാളുകളും എൻ.എസ്.എസ്, കരിയർ ഗൈഡൻസ്, എക്‌സൈസ് സ്റ്റാളുകളുമുണ്ട്. കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ വില്പനയും മേളയിലുണ്ട്. പ്രത്യേകം നടത്തിയിരുന്ന വൊക്കേഷണൽ എക്‌സ്‌പോ 2011 മുതലാണ് ശാസ്ത്രോത്സവത്തിൽ ഉൾപ്പെടുത്തിയത്.
എൻജിനീയറിംഗ്, ഐ.ടി, അഗ്രികൾച്ചർ, പാരാമെഡിക്കൽ, ആനിമൽ ഹസ്ബൻഡറി, ഫിഷറീസ്, കോമേഴ്‌സ് ആൻഡ് ബിസിനസ്, ടൂറിസം, ഫാഷൻ ടെക്‌നോളജി മുതലായ പാഠ്യശാഖകളുടെ 46 കോഴ്‌സുകളുമായി ബന്ധപ്പെട്ട സ്റ്റാളുകളാണ് മേളയിലുള്ളത്. മേള 12ന് സമാപിക്കും.
എക്‌സ്‌പോയുടെ ഭാഗമായി എസ്.ആർ.വി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് കരിയർ സെമിനാറും നാളെ ജോബ് ഫെയറും നടക്കും. 20ലധികം കമ്പനികൾ തൊഴിൽദാതാക്കളായി മേളയിൽ പങ്കെടുക്കും. കുടുംബശ്രീ, മിൽമ തുടങ്ങിയ സ്ഥാപനങ്ങളും സ്റ്റാളുകൾ തുറന്നിട്ടുണ്ട്.
എസ്.ആർ.വി സ്‌കൂളിൽ നടക്കുന്ന എക്‌സ്‌പോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു, എ.ഡി.പി.ഐ ഷൈൻ മോൻ, ഡി.ഡി.സി അനിൽകുമാർ, പരീക്ഷ സെക്രട്ടറി ശെൽവമണി, അസിസ്റ്റൻറ് ഡയറക്ടർ ലിസ സെബാൻ തുടങ്ങിയവർ പങ്കെടുത്തു.