കൊച്ചി: സംസ്ഥാന ശിശുക്ഷേമ സമിതി ഭരണസമിതി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ഹൈക്കോടതി റദ്ദാക്കി. ഡി.വൈ.എഫ്.ഐ നേതാവ് ജെ.എസ്. ഷിജുഖാൻ ജനറൽ സെക്രട്ടറിയായ ഏഴംഗ സമിതിയുടെ തിരഞ്ഞെടുപ്പാണ് സമിതിയിലെ ആജീവനാംഗം തിരുവനന്തപുരം നേമം സ്വദേശി ആർ. എസ്. ശശികുമാറിന്റെ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുൺ റദ്ദാക്കിയത്.

2020 ഫെബ്രുവരി 27ന് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ മാർച്ച് 11നാണ് അറിയിപ്പ് അംഗങ്ങൾക്ക് അയച്ചു തുടങ്ങിയതെന്നും മറ്റുള്ളവർക്ക് പത്രിക നൽകാനുള്ള അവസരം നഷ്ടമായെന്നുമായിരുന്നു ഹർജിയിലെ ആരോപണം. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറായിരുന്നു വരണാധികാരി.