g

കൊച്ചി: കൗമാരപ്രതിഭകളുടെ നവീനാശയങ്ങളാലും പുത്തൻ കണ്ടുപിടിത്തങ്ങളാലും സമ്പുഷ്ടമായ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് ഉജ്ജ്വല തുടക്കം. ആദ്യദിനത്തിൽ 238 പോയിന്റുമായി പാലക്കാട് ജില്ലയാണ് മുന്നിൽ. കണ്ണൂർ- 235, കോട്ടയം- 227 എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്‌കൂളുകളിൽ 56 പോയിന്റോടെ ടി.ആർ.കെ എച്ച്.എസ്.എസ് വാണിയംകുളമാണ് മുന്നിൽ. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐ.ടി-പ്രവൃത്തി പരിചയ മേളകളിൽ 5,000ത്തോളം കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്ന ശാസ്‌ത്രോത്സവത്തിന്റെ ആദ്യദിനത്തിൽ 1500 ലേറെപ്പേരാണ് മത്സരിച്ചത്.

ശാസ്ത്ര - ഗണിത ശാസ്ത്ര - ഐ.ടി മേളകളിൽ ഹൈസ്‌കൂൾ വിഭാഗം മത്സരങ്ങളായിരുന്നു ആദ്യ ദിനത്തിൽ ഏറെയും. ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ , സ്റ്റിൽ മോഡൽ എന്നിവയായിരുന്നു പ്രധാനം.

ഗണിത ശാസ്ത്രമേളയിൽ തത്സമയ നിർമ്മാണ മത്സരങ്ങളും സാമൂഹ്യ ശാസ്ത്രമേളയിൽ അറ്റ്‌ലസ് നിർമ്മാണം, പ്രസംഗം തുടങ്ങിയവയും നടന്നു. ഐ.ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, പ്രവൃത്തിപരിചയ മേളയിൽ സ്‌പെഷൽ സ്‌കൂൾ വിദ്യാർത്ഥികളുടെ തത്സമയ മത്സരങ്ങൾ എന്നിവയും അരങ്ങേറി.