hgf

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്. മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാർ നൽകിയ ഹർജിയിലാണിത്. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിനും സർക്കാരിനും സി.ബി.ഐക്കും നോട്ടീസ് അയയ്ക്കാ‌ൻ ഉത്തരവിട്ട ജസ്റ്റിസ് കെ. ബാബു എതിർകക്ഷികളോട് വിശദീകരണം തേടി. ഹർജി നവംബർ 25ന് പരിഗണിക്കും.

കോർപ്പറേഷനിലെ ഒഴിവുകളിലേക്ക് പാർട്ടി അംഗങ്ങളുടെ പേരുകൾ ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റർപാഡിൽ കത്തയച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. വിജിലൻസിന് പരാതി നൽകിയെങ്കിലും അന്വേഷണം നടക്കാനിടയില്ലെന്നും സി.ബി.ഐ അന്വേഷണം സാദ്ധ്യമല്ലെങ്കിൽ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും പരിശോധന നടക്കുന്നുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം. തുടർന്നാണ് സർക്കാർ എതിർത്തെങ്കിലും മേയർക്കടക്കം നോട്ടീസ് അയയ്ക്കാൻ കോടതി നിർദേശിച്ചത്.