കൊച്ചി: കേരളകൗമുദിയും പ്രാണ ഇൻസൈറ്റും ചേർന്ന് സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സ സംഗമത്തിനുള്ള അവസാന ഒരുക്കങ്ങളായി.
തിരഞ്ഞെടുത്ത പ്രമുഖ വ്യക്തിത്വങ്ങൾക്ക് പുറമെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേർ ഇതിനകം സംഗമത്തിൽ പങ്കെടുക്കാനായി പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നാളെ ഉച്ചവരെ പേരുകൾ രജിസ്റ്റർ ചെയ്യാം.
അനുദിനം വളരുന്ന സോഷ്യൽ മീഡിയ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം നിർണായമായ കാലഘട്ടത്തിൽ ഇതിൽ മികവ് തെളിയിക്കുന്നവർക്ക് ഒത്തുചേരാനും അവരിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് അവാർഡ് നൽകാനുമാണ് ട്രെൻഡ് സെറ്റേഴ്‌സ് എന്ന പേരിലുള്ള സംഗമം.
ഞായറാഴ്ച രാവിലെ 10.30 മുതൽ എറണാകുളം ഹോളിഡേ ഇന്നിൽ നടക്കുന്ന സംഗമത്തിൽ പ്രശസ്ത സിനിമാതാരം ആശാ ശരത്തുമായി സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് സൗഹൃദഭാഷണം നടത്താനുള്ള അവസരം ഉണ്ടാകും. ഉച്ചഭക്ഷണത്തിന് ശേഷം, സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയയുടെ സ്വാധീന ശക്തിയെക്കുറിച്ച് പ്രമുഖ മാദ്ധ്യമപ്രവർത്തകർ നേതൃത്വം നൽകുന്ന ചർച്ചയും നടക്കും. സോഷ്യൽ മീഡിയയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തരും ചർച്ചയിൽ പങ്കാളികളാകും.
വൈകിട്ട് 4.30ന് ചേരുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും തിരഞ്ഞെടുക്കപ്പെട്ട ട്രെൻഡ് സെറ്റേഴ്‌സിനുള്ള അവാർഡ് വിതരണവും സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
നാളെ ഉച്ചവരെ പേര് രജിസ്റ്റർ ചെയ്യാം. നമ്പർ- 9496731993.