കൊച്ചി: ഭാഷയും വിജ്ഞാനവും രണ്ട് വഴിക്ക് ഒഴുകുന്നവയാണെങ്കിലും വിവിധ വിജ്ഞാനഭാഷാ മാതൃകകൾക്ക് ബദലുകൾ സൃഷ്ടിക്കാൻ കഴിയണമെന്ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.എം. വി. നാരായണൻ പറഞ്ഞു. സർവകലാശാലയിലെ മാതൃഭാഷാ വാരാചരണത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനവും ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്‌കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാ പുരസ്‌കാരം ഡോ. എം. പി.പരമേശ്വരന് സമർപ്പിച്ചു. ചടങ്ങിൽ പ്രോ വൈസ് ചാൻസലർ പ്രൊഫ.കെ.മുത്തുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. എം.ബി.ഗോപാലകൃഷ്ണൻ, ഡോ. എം. പി. പരമേശ്വരൻ, ഫിനാൻസ് ഓഫീസർ എസ്.സുനിൽ കുമാർ, പ്രൊഫ. സുനിൽ പി.ഇളയിടം, പ്രേമൻ തറവട്ടത്ത്, പ്രൊഫ.വത്സലൻ വാതുശേരി, പ്രൊഫ. വി.ലിസി മാത്യു എന്നിവർ സംസാരിച്ചു. ഭരണഭാഷാവലോകന സമിതി മുൻ കോ ഓർഡിനേറ്റർ പ്രൊഫ. വത്സലൻ വാതുശേരിയെ പ്രൊഫ.കെ. മുത്തുലക്ഷ്മി ആദരിച്ചു. മാതൃഭാഷാവാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വൈസ് ചാൻസലർ സമ്മാനങ്ങൾ വിതരണം ചെയ്തു. യൂട്ടിലിറ്റി സെന്ററിൽ സംഗീതസദസ്, തിരുവാതിര, മോഹിനിയാട്ടം, ഗാനമാലിക എന്നിവയും അരങ്ങേറി.