കൊച്ചി: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച് ആർഭാടജീവിതവും വിദേശയാത്രകളും നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം കളക്ടറേറ്റിലെ റവന്യൂവിഭാഗം ക്ലാർക്കായിരുന്ന തൃക്കാക്കര മാവേലിപുരം വെസ്റ്റ് വൈഷ്ണവംവീട്ടിൽ വിഷ്ണുപ്രസാദിനെതിരെയാണ് (33) എറണാകുളം വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ സ്പെഷ്യൽ സെൽ കേസെടുത്തത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പുമായി രണ്ട് കേസുകളിൽ ഇയാൾ പ്രതിയാണ്. ഇതേത്തുടർന്ന് 2020 ഫെബ്രുവരി 24 മുതൽ സസ്പെൻഷനിൽ കഴിയുന്ന വിഷ്ണുപ്രസാദിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. തുടർന്നാണ് അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

2014 ജനുവരി 1 മുതൽ സസ്പെൻഷനിലാകുന്ന 2020 ഫെബ്രുവരി 24വരെ 17,99,199 രൂപ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും ഈ പണം ഉപയോഗിച്ച് വിദേശയാത്രകൾ ഉൾപ്പെടെ ആഡംബരജീവിതം നയിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ ഇന്നലെ വിഷ്ണുപ്രസാദിന്റെ തൃക്കാക്കരയിലെ വീട്ടിൽ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ സ്പെഷ്യൽ സെൽ ഇൻസ്പെക്ടർ ബിബിൻ പി. മാത്യുവിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി 34 രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം നടത്തുമെന്നും വിജിലൻസ് എസ്.പി. വി. സുനിൽകുമാർ പറഞ്ഞു.