കൊച്ചി: എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് സേതുവിന്റെ 80ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദരസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ആലുവ, പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ.ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. മുഖ്യപ്രഭാഷണം സാഹിത്യകാരൻ സക്കറിയയും ഉപഹാര സമർപ്പണം കവി സച്ചിദാനന്ദനും നിർവഹിക്കും.

സാംസ്‌കാരിക വകുപ്പും കേരള സാഹിത്യ അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് രണ്ടിന് സേതുവിന്റെ സാഹിത്യം എന്ന വിഷയത്തിൽ സെമിനാറും 4.30ന് ഘോഷയാത്രയും സംഘടിപ്പിക്കും. വൈകിട്ട് ഏഴിന് ആലുവ സ്വരസുധ അവതരിപ്പിക്കുന്ന സുവർണഗീതങ്ങളുമുണ്ടാകും.