കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന അറ്റ്‌ലാന്റിസ് റെയിൽവേ മേൽപ്പാലം പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ പുനരധിവാസ പാക്കേജിന്റെ പബ്ലിക് ഹിയറിംഗ് നടത്തി.

നിലവിലെ അലൈൻമെന്റ് പ്രകാരം വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കും നിർദിഷ്ട പദ്ധതി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ വർക്ക് ഷോപ്പിലെ അർഹരായ തൊഴിലാളികൾക്കുള്ള പാക്കേജുമാണ് ഹിയറിംഗിൽ അറിയിച്ചത്. സ്വന്തമായി സ്ഥലമില്ലാതെ വർഷങ്ങളായി പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് എം.പി, മേയർ, കൗൺസിലർ അടക്കമുള്ളവരുമായി ചേർന്ന് ആലോചിച്ച് ന്യായവും കൂടുതൽ മെച്ചപ്പെട്ടതുമായ പാക്കേജിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.

ഹിയറിംഗിൽ സ്ഥലം ഏറ്റെടുപ്പ് ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ, സ്‌പെഷ്യൽ തഹസിൽദാർ (എൽ.എ കിഫ്ബി) ടി.എൻ. ദേവരാജൻ, ഡെപ്യൂട്ടി തഹസിൽദാർ എ.ജി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.