പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദിയാഘോഷം സൗജന്യ മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് ആരംഭിക്കും. കടവന്ത്ര ഇന്ദിരാ ഗാന്ധി ആശുപത്രിയുടെ സഹകരണത്തോടെയുള്ള ക്യാമ്പിൽ ഇന്ന് ന്യൂറോളജിസ്റ്റ്, ചർമരോഗ വിദഗ്‌ദ്ധൻ എന്നിവരുടെ സേവനവും നാളെ ശ്വാസകോശവിദഗ്‌ദ്ധൻ, ഗൈനക്കോളജിസ്റ്റ്, ഓർത്തോ, ഇ.എൻ.ടി, മാമോഗ്രാം എന്നീ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. ക്യാമ്പിൽ ലാബ് സൗകര്യവും ഉൾപ്പെടെ ഒരുക്കിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ പറഞ്ഞു. 14 ന് ബാങ്ക് പരിധിയിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും അംഗങ്ങളുടെ മക്കൾക്കുമായി ലളിതഗാന മത്സരം, 19 ന് ചിത്രരചനാ മത്സരം എന്നിവ നടത്തും. 20ന് ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം ഇടക്കൊച്ചി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് അക്വിനാസ് കോളേജ് പരിസരത്ത് സമാപിക്കും. മട്ടാഞ്ചേരി അസി.കമ്മീഷണർ അരുൺ കെ.പവിത്രൻ ഫ്ലാഗ് ഓഫ് ചെയ്യും. 27ന് നടക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കെ. ബാബു എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായിരിക്കും. ഭരണസമിതി അംഗങ്ങളായ ജീജ ടെൻസൻ, കെ.എം.മനോഹരൻ, പി.ഡി.സുരേഷ്, കർമിലി ആന്റണി, ജസ്റ്റിൻ കവലക്കൽ, സെക്രട്ടറി പി.ജെ.ഫ്രാൻസിസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു . 1922 നവംബർ 17 ന് സ്ഥാപിതമായ സംഘം വിവിധ ഘട്ടങ്ങളിലൂടെ പ്രവർത്തിച്ച് സ്പെഷ്യൽ എ ഗ്രേഡ് ബാങ്ക് ക്ലാസിഫിക്കേഷൻ നേടി. 75 വയസ് തികഞ്ഞ അംഗങ്ങൾക്ക് പെൻഷൻ , വനിതകളുടെ ഗ്രൂപ്പുകൾ രൂപികരിച്ച് തൊഴിൽ സംരംഭ വായ്പ, കുറഞ്ഞ നിരക്കിൽ എയർകണ്ടീഷൻ ഹാൾ, വിധവകളായ അംഗങ്ങളുടെ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം എന്നിവ ശതാബ്ദി വർഷത്തിൽ ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്.