jayaram
ആലുവ യു.സി കോളേജിൽ നടക്കുന്ന മെഗ് എക്സിബിഷൻ സന്ദർശിക്കാനെത്തിയ നടൻ ജയറാം വിദ്യാർത്ഥികൾക്കൊപ്പം സെൽഫി എടുക്കുന്നു

ആലുവ: യൂണിയൻ ക്രിസ്ത്യൻ കോളജിൽ നടക്കുന്ന സെന്റീനിയൽ വിസ്റ്റ അഞ്ചാം ദിവസത്തേക്ക് കടന്നപ്പോൾ സന്ദർശകരുടെ എണ്ണം അരലക്ഷം കടന്നു. ഏറെയും സ്‌കൂൾ വിദ്യാർത്ഥികളാണ് കാണാനെത്തിയത്. പകൽ സമയങ്ങളിൽ കോളേജ്, സ്കൂൾ വിദ്യാർത്ഥികളുടെ തിരക്കാണെങ്കിൽ സന്ധ്യയായാൽ കുടുംബസമ്മേതമുള്ള സന്ദർശനമാണ്.

ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നവീകരിച്ച സി.പി. ആൻഡ്രൂസ് ബാസ്‌ക്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടനം സൗഹൃദ മത്സരത്തോടെ നടന്നു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ ട്രസ്റ്റി രാജു ഹോർമിസ് മുഖ്യാതിഥിയായിരുന്നു.

ഇന്ന് ആഗോള യൂണി​യൻ സംഗമം നടക്കും. ഹൈക്കോടതി ജഡ്ജി സി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധിയുടെ പൌത്രൻ തുഷാർ ഗാന്ധി മുഖ്യപ്രഭാഷണം നടത്തും. പത്മശ്രീ നേടിയ ശോശാമ്മ ഐപ്പ്, എഴുത്തച്ഛൻ പുരസ്‌കാരം നേടിയ സേതു എന്നീ പൂർവവിദ്യാർത്ഥികളെ ആദരിക്കും. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പൂർവ വിദ്യാർത്ഥി വി.കെ. ഷാഹിന രചിച്ച 'പറക്കുമ്പോൾ മാത്രം മുളയ്ക്കുന്ന ചിറകുകൾ' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം കവയിത്രി വിജയലക്ഷ്മി നിർവ്വഹിക്കും.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രഭാഷണം, കെ.പി.എ.സിയുടെ നാടകം 'നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി' തുടങ്ങിയവയും ഉണ്ടാകും.


ഭൂമിശാസ്ത്ര സൂചകോത്പന്നങ്ങളൊരുക്കി കൊമേഴ്‌സ് വിഭാഗം

'സെന്റനിയിൽ വിസ്റ്റ' മെഗാ എക്‌സിബിഷനിൽ നൂറിൽ അധികം ഭൂമിശാസ്ത്ര സൂചകോത്പന്നങ്ങൾ ഒരുക്കി കോളേജിലെ കൊമേഴ്‌സ് വിഭാഗം. ദേശപരമായ സവിശേഷതകളാലോ പരമ്പരാഗതമായ മേന്മയാലോ ലഭി​ക്കുന്നതാണ് സൂചകോത്പന്ന പദവി​.

നൂറിലധികം ഏക ഉത്പന്നങ്ങളാണ് കൊവിസ്ത എന്ന പേരിൽ കൊമേഴ്‌സ് വിഭാഗം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഏക ഉത്പന്നങ്ങളുടെ സമ്മേളനമാണ് പ്രദർശനത്തിന്റെ കൗതുകം. ഇന്ത്യയിലെ ആദ്യ ഏക പദവി കിട്ടിയ ഡാർജിലിംഗ് ടീ ഉൾപ്പെടെ 115 ഓളം ഉത്പന്നങ്ങളുണ്ട്. ബനാറസ്, മിസോറാം, നാഗാലാൻഡ്, കാശ്മീർ, കാഞ്ചിപുരം, മൈസൂർ വസ്ത്ര ശേഖരങ്ങളോടൊപ്പം കുത്താംമ്പുള്ളി, ചേന്ദമംഗലം, ബാലരാമപുരം കൈത്തറി ഉത്പന്നങ്ങളും കുറ്റിയാട്ടൂർ മാങ്ങയും വാഴക്കുളം പൈനാപ്പിളും തിരൂർ വെറ്റിലയും ആലപ്പി ഏലക്കായും സമ്മേളിക്കുന്ന പ്രദർശന മാമാങ്കം.
ഇന്ത്യയിലെ വിവിധ നാടുകളിലെ വ്യത്യസ്തയിനം കരകൗശലവിദ്യകളുടെ സംഗമവേദിയാണ് കോമേഴ്‌സ് വിഭാഗത്തിന്റെ കൊ വിസ്ത 2022.

ചലച്ചിത്ര താരം ജയറാം യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന സെന്റീനിയൽ വിസ്ത മെഗാ എക്‌സിബിഷൻ സന്ദർശിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഷഫീഖ് ഒരുക്കിയ വന്യമൃഗങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ ചിത്രപ്രദർശനവും കോളേജിലെ സുവോളജി വകുപ്പ് ഒരുക്കിയ പ്രദർശനവും അദ്ദേഹം സന്ദർശിച്ചു.