
കോലഞ്ചേരി: ഗോൾ വലയ്ക്ക് കാവലാളായി എം.എൽ.എ ഇറങ്ങിയപ്പോൾ മന്ത്രിയും മറ്റ് അതിഥികളും ഷൂട്ടർമാരായി. കടയിരുപ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഗോൾ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ പഴയ യൂണിവേഴ്സിറ്റി ക്യാപ്റ്റൻസി മറക്കാതെ ഗോൾ വലയ്ക്ക് കാവലാളായത്.
കായിക മന്ത്രിയുടെ ആദ്യ ഷോട്ട് ഗോൾ വല കുലുക്കി. രണ്ടാമതെത്തിയ കേരള ബ്ളാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിന്റെ ആദ്യ കിക്ക് എം.എൽ.എ തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്ത ബോൾ അടുത്ത കിക്കിൽ ഗോളായി. രണ്ടുഗോൾ വീണ വാശിയിൽ പോരാട്ടത്തിന് ഇറങ്ങിയ എം.എൽ.എ പിന്നീടു വന്ന മുഴുവൻ ഷോട്ടുകളും തടഞ്ഞാണ് കൈയ്യടി വാങ്ങിയത്.
ഫുട്‌ബാൾ ആരവത്തിൽ മുങ്ങിയ ഉദ്ഘാടന വേദിയെ കൈയടിയും ആർപ്പുവിളികളുമായാണ് കുട്ടികളും മുതിർന്നവരും എതിരേറ്റത്. 90 കഴിഞ്ഞിട്ടും കാൽപ്പന്ത് കളിയോടുള്ള സ്‌നേഹം നെഞ്ചേറ്റുന്ന മുൻ താരവും പരിശീലകനുമായ റൂഫസ് ഡിസൂസ, മുതിർന്ന താരങ്ങൾ തുടങ്ങിയവർ കുട്ടികൾക്കൊപ്പം കൂടിയതോടെ ചടങ്ങ് നവ്യാനുഭവമായി. സർവം ഫുട്‌ബോൾ മയമായിരുന്ന ചടങ്ങിലെത്തിയ പ്രമുഖരെ പന്ത് നൽകിയാണ് അധികൃതർ സ്വീകരിച്ചത്.