ആലുവ: പോക്‌സോ കേസിലെ പ്രതി പള്ളിപ്പുറം കാവാലംകുഴി വീട്ടിൽ ആന്റണി പീറ്ററിന് (52) ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി 20മാസം തടവും 20,000രൂപ പിഴയും ശിക്ഷവിധിച്ചു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന് 10 മാസത്തെ തടവും പതിനായിരം രൂപയും പോക്‌സോ നിയമപ്രകാരം പത്തുമാസം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുന്നിൽ അശ്ലീലപ്രദർശനം നടത്തുകയും പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിലായ ആന്റണി ജാമ്യവ്യവസ്ഥ ലംഘിച്ച് പെൺകുട്ടിയെയും കുടുംബാംഗങ്ങളേയും അയൽവാസികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇയാൾക്കെതിരെ മറ്റു മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കോടതി ഉത്തരവു പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതി പിഴ ഒടുക്കിയാൽ ഈ തുക കേസിലെ അതിജീവിതയായ കുട്ടിക്ക് കൊടുക്കണം, പിഴ ഒടുക്കിയില്ലെങ്കിൽ ഒരു മാസത്തെ അധികതടവ് അനുഭവിക്കണം. നിരവധി കേസുകളിൽ പ്രതിയായ ആന്റണി മുനമ്പം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളുമാണ്.
മുനമ്പം പൊലീസ് ഇൻസ്‌പെക്ടർ എ.എൽ. യേശുദാസിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ കെ.എസ്. ശ്യാംകുമാർ അന്വേഷിച്ച കേസിൽ എ.എസ്.ഐ എം.വി. രശ്മി, എസ്.സി.പി.ഒമാരായ പി.ടി. ജിനി, എം.സി. ഷേമ, സി.പി.ഒമാരായ ലിഗിൻ ജോസ്, വി.എസ്. ലെനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.ജി. യമുന ഹാജരായി.