കൊച്ചി: വടുതല ഫ്ളൈഓവറിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കുന്നതിനും പരിഹാര നടപടികൾക്കുമായി ടി.ജെ. വിനോദ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം കളക്ടർ രേണുരാജ് വിളിച്ചുചേർത്ത യോഗം കളക്ടറേറ്റിൽ നടന്നു. മെച്ചപ്പെട്ട നഷ്ടപരിഹാര പാക്കേജ് നൽകണമെന്ന് പദ്ധതിയെ തുടർന്ന് തൊഴിൽ നഷ്‌ടപ്പെടുന്നവരും വ്യാപാരികളും ആവശ്യപ്പെട്ടു. യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ രേഖപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിലേക്ക് നൽകാനും തീരുമാനമായി.
ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ, പദ്ധതി പ്രദേശത്തെ കൗൺസിലർമാരായ ഹെൻട്രി ഓസ്റ്റിൻ, ബിന്ദുമണി, വി.വി. പ്രവീൺ, സി.ജെ. ജോർജ്, വ്യാപാരി വ്യവസായി ഏകോപന സമിതി നോർത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് നൗഷാദ്, ജനറൽ കൺവീനർ അബ്ദുൾ ഖാദർ, വടുതല ആർ.ഒ.ബി ഐക്യസമിതി നേതാക്കളായ സുധീർലാൽ പി.എസ്, സിബി സക്കറിയ തുടങ്ങിയവർ പങ്കെടുത്തു.