ram
സി.ബി.എസ്.ഇ ജില്ലാ കലോത്സവം 'കലോത്സവ് 2022' റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ജില്ലയിലെ സി.ബി.എസ്.ഇ സ്‌കൂളുകൾ ഉൾപ്പെടുന്ന കൊച്ചി മെട്രോ സഹോദയയുടെ കീഴിലുള്ള 62 സ്‌കൂളുകൾ മാറ്റുരയ്ക്കുന്ന ജില്ലാ കലോത്സവം 'കലോത്സവ് 2022'ന് കാലടി ശ്രീ ശാരദാ വിദ്യാലയത്തിൽ തുടക്കമായി. റോജി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദിശങ്കര ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യുഷൻസ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് കലോത്സവ ജ്വാല തെളിച്ചു. സിനിമാതാരങ്ങളായ പ്രിയ വാര്യർ, സർജാനോ ഖാലിദ്, സംവിധായകൻ രഞ്ജിത് ശങ്കർ എന്നിവർ വിശിഷ്ടാതിഥികളായി. രാജഗിരി പബ്ലിക് സ്‌കൂൾ പ്രിൻസിപ്പലും കൊച്ചി മെട്രോ സഹോദയ (കെ.എം.എസ്) വൈസ് പ്രസിഡന്റുമായ ഫാ. വർഗീസ് കാച്ചപ്പിള്ളി അദ്ധ്യക്ഷനായി.

ശ്രീ ശാരദ വിദ്യാലയ സീനിയർ പ്രിൻസിപ്പലും കെ.എം.എസ് പ്രസിഡന്റും കലോത്സവ് ജനറൽ കൺവീനറുമായ ഡോ. ദീപ ചന്ദ്രൻ, സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.പി.എം ഇബ്രാഹിംഖാൻ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി, വാർഡ് അംഗം കെ.സി. എൽദോസ് എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ കലോത്സവത്തിൽ 145 ഇനങ്ങളിലായി മൂവായിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കും. പത്തു വേദികളിലാണ് മത്സരങ്ങൾ.