കളമശേരി: എൻ.എ.ഡി - പള്ളിലാങ്കര പൈപ്പ് ലൈൻ റോഡിലെ കലുങ്ക് പുനർ നിർമ്മാണത്തിന് സർക്കാർ 39 ലക്ഷം രൂപയുടെ സാമ്പത്തികാനുമതി നൽകിയതായി വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ജലവിഭവ വകുപ്പാണ് പദ്ധതിക്കുള്ള തുക അനുവദിച്ചത്. കഴിഞ്ഞ കാലവർഷത്തിലാണ് കനത്ത മഴയിൽ കലുങ്ക് തകർന്നത്. താത്കാലിക പരിഹാരത്തിനുള്ള ഇടപെടൽ ഉടനെ നടത്തുകയും കലുങ്ക് പുനർ നിർമ്മാണത്തിന് നടപടികൾ അന്ന് തന്നെ ആരംഭിക്കുകയും ചെയ്തതായി മന്ത്രി പി.രാജീവ് പറഞ്ഞു. കലുങ്ക് നിർമ്മാണം സ്വന്തം നിലയിൽ നടത്താമെന്ന് കളമശേരി നഗരസഭ നേരത്തെ സന്നദ്ധത അറിയിച്ചതിനെത്തുടർന്ന് വാട്ടർ അതോറിറ്റി എൻ.ഒ.സി നൽകിയിരുന്നു. കഴിഞ്ഞ മെയ് 16 നാണ് വാട്ടർ അതോറിറ്റി നഗരസഭയ്ക്ക് എൻ.ഒ.സി നൽകിയത്. എന്നാൽ കലുങ്ക് നിർമ്മാണത്തിന് നഗരസഭ തുടർ നടപടികളൊന്നും സ്വീകരിച്ചില്ല. ഇതേത്തുടർന്നാണ് സർക്കാർ തലത്തിൽ ഇടപെടലുണ്ടായത്.