തൃക്കാക്കര: ഇന്റർനാഷണൽ ബ്ലൈന്റ് സ്‌പോർട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഏഷ്യ, ഓഷ്യാനിയ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് കാക്കനാട് യുണൈറ്റഡ് സ്‌പോർട്സ് സെന്ററിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ രംഗ്ത, ഇന്ത്യൻ ബ്ലൈന്റ് ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി മുഹമ്മദ് ആസിഫ് അലി, പാരാലിംപിക് കമ്മിറ്റി ഇന്ത്യ ജനറൽ സെക്രട്ടറി ഗുർശരൺ സിംഗ്, ജോ.സെക്രട്ടറി അശോക് ബേദി, ഇന്ത്യൻ കോച്ച് സുനിൽ ജെ. മാത്യു, സംഘാടക സമിതി ചെയർമാൻ എം.സി. റോയ് തുടങ്ങിയവർ സംസാരിച്ചു. കസാക്കിസ്ഥാനുമായി നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ നാല് ഗോളിന് വിജയിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി പ്രദീപ് പട്ടേൽ രണ്ടും കിംഗ്സൺ, ശിവം നേഗി എന്നിവർ ഓരോ ഗോൾ വീതവും നേടി.രാവിലെ വനിതാ ബ്ലൈന്റ് മത്സരത്തിൽ ജപ്പാൻ രണ്ട് ഗോളുകൾക്ക് ഇന്ത്യയെ തോൽപ്പിച്ചു.