കൊച്ചി: വടുതല ബണ്ടിൽ നിന്ന് 20,613 ഘനയടി ചെളി നീക്കം ചെയ്യണമെന്ന് ഉന്നതതല സമിതി റിപ്പോർട്ട്. വടുതല റെയിൽവേ മേൽപ്പാലത്തിന്റെ 28-ാം നമ്പർ തൂണ് മുതൽ 43 -ാം നമ്പർ വരെയുള്ള ഭാഗത്ത് ചെമ്മണ്ണും മണൽ ചാക്കുകളും കോൺക്രീറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയതിന് പുറമെ കണ്ടൽക്കാടുകളും വളർന്നതായി റിപ്പോർട്ടിൽ പറയുന്നു.
കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെറി) നടത്തിയ പഠനത്തിൽ 25,15,670.151 ഘനയടി ചെളി നീക്കം ചെയ്യണമെന്നായിരുന്നു കണ്ടെത്തൽ. ഉന്നതതല സമിതി നടത്തിയ പഠനത്തിൽ ഇത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുകൾ ഭാഗത്ത് അടിഞ്ഞുകൂടിയ ചെളി സംബന്ധിച്ച് പഠനം നടത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥലത്തിന്റെ പരിശോധന, മണ്ണ് കുഴിച്ചുള്ള പരിശോധന,വെള്ളത്തിനടിയിലെ വീഡിയോഗ്രഫി, ഫോട്ടോഗ്രഫി എന്നിവയാണ് പഠനത്തിന് ഉപയോഗിച്ചത്. വടുതല ഡോൺ ബോസ്കോ ബോട്ട് ജെട്ടി മുതൽ ഐലന്റ് ഡി കൊച്ചിൻ വരെയുള്ള ഭാഗത്തായിരുന്നു പഠനം.
ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, മൈനർ ഇറിഗേഷൻ സെൻട്രൽ സോൺ സൂപ്രണ്ടിംഗ് എൻജിനിയർ ബാജി ചന്ദ്രൻ,കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എൻ. സുപ്രഭ, കൊച്ചി പോർട്ട് സൂപ്രണ്ടിംഗ് എൻജിനിയർ സി.എ.ഫിലോ, റെയിൽവേ വികാസ് നിഗം ലിമിറ്റഡ് എക്സിക്യുട്ടീവ് ജോയിന്റ് ജനറൽ മാനേജർ ജി. കേശവചന്ദ്രൻ, അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചറർ വൈസ് പ്രസിഡന്റ് എം.കെ.അജയകുമാർ എന്നിവരായിരുന്നു ഉന്നതതല സമിതി അംഗങ്ങൾ.