കൊച്ചി: രണ്ടുവർഷംനീണ്ട നിയമയുദ്ധത്തിനൊടുവിൽ സ്ഥാനം ഭദ്രമാക്കി കൊച്ചി കോർപ്പറേഷൻ 29-ാം ഡിവിഷൻ (ഐലൻഡ് നോർത്ത്) കൗൺസിലർ ടി. പത്മകുമാരി. സർക്കാരും ഇവരുടെ സത്യപ്രതിജ്ഞ ശരിവച്ചതോടെ വിവാദങ്ങൾക്ക് അറുതിയായി. കോൺഗ്രസിലെ മുതിർന്ന നേതാവായ എൻ. വേണുഗോപാലിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിനാണ് എൻ.ഡി.എ സ്ഥാനാർത്ഥി പത്മകുമാരി പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഓഫീസർ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നും ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വേണുഗോപാൽ കോടതിയെ സമീപിച്ചു. മുൻസിഫ് കോടതി കഴിഞ്ഞ ജൂൺ 22ന് നറുക്കെടുപ്പിലൂടെ പത്മകുമാരിയെ വീണ്ടും വിജയിയായി പ്രഖ്യാപിച്ചു. ആഗസ്റ്റ് 11ന് മേയർ എം. അനിൽകുമാറിന്റെ ചേംബറിൽ ഇവർ സത്യപ്രതിജ്ഞചെയ്തു.
* നിയമനടപടികളുമായി
യു.ഡി.എഫ്
കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി മതിയായ കാരണങ്ങളില്ലാതെ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സ്വമേധയ സ്ഥാനമൊഴിഞ്ഞ് ഗസറ്റിൽ വിജ്ഞാപനം ചെയ്യണമെന്ന മുനിസിപ്പൽ നിയമം ചൂണ്ടിക്കാട്ടി എൻ. വേണുഗോപാൽ, മഹിളാ കോൺഗ്രസ് നേതാവും കൗൺസിലറുമായ വി.കെ. മിനിമോൾ എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശിച്ചതനുസരിച്ച് തദ്ദേശവിഭാഗം ബന്ധപ്പെട്ട കക്ഷികളുടെ വിശദീകരണം തേടി.
* വീഴ്ച സംഭവിച്ചിട്ടില്ലെന്ന്
കൗൺസിലർ
താൻ വിജയിച്ചുവെന്ന കോടതി വിധിയുടെ പകർപ്പ് സെക്രട്ടറിക്ക് കൈമാറിയതിന് പുറമെ ജൂലായ് ഒന്നിന് രേഖാമൂലം അറിയിക്കുകയും ചെയ്തതായി പത്മകുമാരി പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് കോർപ്പറേഷന് ലഭിക്കാൻ കാലതാമസം വന്നതിനാലും ഇടയ്ക്ക് അവധിദിവസങ്ങളായതിനാലും സത്യപ്രതിജ്ഞ വൈകിയെന്നും ഇക്കാര്യത്തിൽ തനിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും അവർ വിശദീകരിച്ചു.
* നിയമാനുസരണം
പ്രവർത്തിച്ചെന്ന് കോർപ്പറേഷൻ
പത്മകുമാരി കൗൺസിലറായി തുടരുന്നതിനാൽ വീണ്ടും സതൃപ്രതിജ്ഞ ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന സംശയം മൂലമാണ് സത്യപ്രതിജ്ഞ വൈകിയതെന്ന് മേയർ വിശദീകരണം നൽകി. വോട്ടെണ്ണൽ പൂർത്തിയായശേഷം വരണാധികാരി ഫലപ്രഖ്യാപനം നടത്തുന്ന സാഹചര്യത്തിൽ മാത്രമാണ് മുനിസിപ്പൽ നിയമം പ്രസക്തമാവുന്നത്. എന്നാൽ ഇവിടെ 2020ലെ വിധി മുൻസിഫ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയാണുണ്ടായത്. അതിനാൽ പരാതി നിലനിൽക്കില്ലെന്ന് മേയർ ചൂണ്ടിക്കാട്ടി. എല്ലാ രേഖകളും പരിശോധിച്ച സർക്കാർ കോർപ്പറേഷന്റെ നടപടികൾ ശരിയാണെന്ന് കണ്ടെത്തി പരാതിക്കാരുടെ വാദം തള്ളുകയായിരുന്നു.