കൊച്ചി: കുമ്പളം ഗ്രാമപഞ്ചായത്ത്, തണൽ ഫൗണ്ടേഷൻ, റോട്ടറി ക്ലബ് കൊച്ചിൻ സൗത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പനങ്ങാട് ജലോത്സവം 27 ന് നടക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ജലോത്സവ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒല്ലാരിയിൽനിന്നാരംഭിച്ച് ചേപ്പനം ബണ്ടിൽ വള്ളംകളി സമാപിക്കും.
ചുണ്ടൻവള്ളങ്ങളും ഇരുട്ടുകുത്തി വള്ളങ്ങളുമാണ് ജലോത്സവത്തിൽ മാറ്റുരക്കുക. 35പേർ വരെ പങ്കെടുക്കുന്ന ഒമ്പത് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളും 25പേർ വരെ പങ്കെടുക്കുന്ന ഒമ്പത് ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളും 110പേർ വരെ പങ്കെടുക്കുന്ന നാല് ചുണ്ടൻ വള്ളങ്ങളുമാണ് മത്സരത്തിന് ഒരുങ്ങുന്നത്.
ജലോത്സവത്തിന്റെ ഭാഗമായി കുമ്പളം ഗ്രാമപഞ്ചായത്തിന്റെ ടൂറിസം സാദ്ധ്യതകൾ എന്ന വിഷയത്തിൽ 17ന് നടത്തുന്ന സെമിനാർ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. പനങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സെമിനാറിൽ കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനാകും. വേണു രാജാമണി മുഖ്യപ്രഭാഷണം നടത്തും. ഉത്തരവാദിത്വ ടൂറിസം സ്റ്റേറ്റ് കോ ഓർഡിനേറ്റർ കെ. രൂപേഷ് വിഷയം അവതരിപ്പിക്കും.
സെമിനാറിന് പുറമേ മയക്കുമരുന്നിനെതിരെ സാംസ്‌കാരിക റാലി, കുടുംബശ്രീ നാടൻ ഭക്ഷ്യമേള, കായികമത്സരങ്ങൾ, മിനി മാരത്തൺ, സൈക്കിൾ റാലി, സംഗീതരാവ് എന്നിവയും നടത്തുന്നുണ്ട്. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, റോട്ടറി കൊച്ചിൻ സൗത്ത് പ്രസിഡന്റ് ജോളി ജോൺ, വി.ഒ. ജോണി, വി.എ. മാലിക്ക്, പി.പി. അശോകൻ എന്നിവർ വിശദീകരിച്ചു.