പറവൂർ: കോടതി വിലക്ക് ലംഘിച്ച് ആനച്ചാലിൽ പതിനാറ് ഏക്കർ തണ്ണീർത്തടം മണ്ണിട്ടുനികത്തുന്ന പ്രദേശം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്.ശർമ്മയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. നിയമവിരുദ്ധ നടപടി മുഖ്യമന്ത്രിയുടേയും ബന്ധപ്പെട്ട മന്ത്രിമാരുടേയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് ശർമ്മ പറഞ്ഞു. വ്യവസായ സംരംഭങ്ങൾ വരുന്നതിന് എതിരല്ല. എന്നാൽ പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ രാജ്യ താത്പര്യത്തിനെതിരാണ്. പരിസ്ഥിതിയാഘാത പഠനം നടത്താതെയാണ് ഇവിടെ വ്യവസായം കൊണ്ടുവരുമെന്ന് പറയുന്നത്. ഇത് അംഗീകരിക്കാനാകില്ല. വ്യക്തമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചാൽ അത് മന്ത്രിസഭയുടെ പരിഗണനക്കുവരും. ഇവിടെ അത്തരം നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നത്. നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം അട്ടിമറിച്ച് ഭൂമി തരംമാറ്റാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പേരിൽ നിയമ നടപടി സ്വീകരിക്കണമെന്നും ശർമ്മ പറഞ്ഞു. നേതാക്കളായ കെ.എം. അംബ്രോസ്, വി.എസ്. ഷഡാനന്ദൻ, വി.സി.അഭിലാഷ്, വി.എൻ. സുനിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭൂമാഫിയ സംഘം ആക്രമിച്ച ആനച്ചാൽ ബ്രാഞ്ച് സെക്രട്ടറി എൻ.എൻ.ചന്ദ്രബോസിനെയും വീട്ടിലെത്തി ശർമ്മ സന്ദർശിച്ചു.