വൈപ്പിൻ: പുതിയ കെട്ടിടവും സ്മാർട്ട് ക്ലാസും കമ്പ്യൂട്ടർ ലാബും തുറന്ന് ഓച്ചന്തുരുത്ത് ശ്രീസുകൃത സംരക്ഷിണി സഭ യു.പി സ്‌കൂൾ ഹൈടെക്കായി. പുതിയ കെട്ടിടം ഹൈബി ഈഡൻ എം.പി.യും എം.എൽ.എ ഫണ്ടിൽ ഒരുക്കിയ സ്മാർട്ട് ക്ലാസും കമ്പ്യൂട്ടർ ലാബും കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.യും ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ഹൈടെക്ക് സ്‌കൂൾ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സഭ സ്‌കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്ന് ആകെ 7.79 ലക്ഷം രൂപയുടെ ആധുനികവത്കരണമാണ് നടത്തിയത്. 3.40 ലക്ഷം രൂപ ചെലവിൽ നാല് ക്ലാസ് മുറികൾ സ്മാർട്ടാക്കി. പത്ത് കമ്പ്യൂട്ടറുകളാണ് ലാബിൽ സജ്ജമാക്കിയത്. ആകെ, 4,39,810 രൂപ ചെലവായി.
ഉദ്ഘാടന ചടങ്ങിൽ എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, സ്‌കൂൾ മാനേജർ സി. വി.പ്രകാശം, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സോഫിയ ജോയ്, ഹെഡ്മിസ്ട്രസ് മിനി രമേഷ്, സഭ സെക്രട്ടറി ബിജു കണ്ണങ്ങനാട്ട്, പി.സി.ബാഹുലേയൻ, ജിജി ശശാങ്കൻ എന്നിവർ സംസാരിച്ചു.