വൈപ്പിൻ: മുരിക്കുംപാടം ജലസംഭരണി ഇന്ന് നാടിന് സമർപ്പിക്കും.രാവിലെ ഒൻപതിന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും.
11.8 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണി ജിഡയുടെ ധനസഹായത്തോടെ 5.098 കോടി രൂപ ചെലവിട്ടാണ് ജല അതോറിറ്റി നിർമ്മിച്ചത്. എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും മറ്റ് തെക്കൻ വൈപ്പിൻ മേഖലയുടെയും കുടിവെള്ളക്ഷാമം പൂർണമായി പരിഹരിക്കാൻ പര്യാപ്തമായ മുരിക്കുംപാടം ജലസംഭരണി 2011ൽ 5.47 കോടി രൂപ ഭരണാനുമതിയിൽ നിർമ്മാണം ആരംഭിച്ചതാണ്. പിന്നീട് കരാറുകാരന്റെ ഉപേക്ഷമൂലം ഇടക്ക് പണി നിലച്ചു. അവശേഷിച്ച പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിഞ്ഞവർഷം 2.15 കോടിരൂപയ്ക്ക് റീടെൻഡർ ചെയ്തു.
എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം പഞ്ചായത്തുകളിലെയും തെക്കൻ വൈപ്പിൻ പ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആകെ 56.85 കോടി രൂപ ചെലവിൽ വിഭാവനം ചെയ്തതാണ് മാലിപ്പുറം, മുരിക്കുംപാടം, ഞാറക്കൽ ജലസംഭരണികൾ. ഇവയിൽ മാലിപ്പുറത്തേത് നേരത്തെ പൂർത്തിയായിരുന്നു. പദ്ധതി പ്രദേശങ്ങളിലെ 2041 വരെ കാലത്തെ ജനസംഖ്യ വർധനകൂടി കണക്കിലെടുത്ത് ജനങ്ങൾക്ക് പ്രതിദിനം 150 ലിറ്റർ എന്ന തോതിൽ വെള്ളം വിതരണം ചെയ്യാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കെ. എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷനാകുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. ജല അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയർ ടി.എസ്.സുധീർ പദ്ധതി വിശദീകരിക്കും. തദ്ദേശസ്ഥാപന അദ്ധ്യക്ഷരും മറ്റ് ജനപ്രതിനിധികളും ജിഡ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.