z
ബിരിയാണി ചലഞ്ചിന്റെ കലവറയിൽ നിന്ന്

ചോറ്റാനിക്കര: ആതിരയുടെ ചികിത്സയ്ക്കുവേണ്ടി അമ്പാടിമലക്കാരൊന്നാകെ കൈകോർക്കുകയാണ്. ചോറ്റാനിക്കര അമ്പാടിമലയിൽ എം.സി. സുകുമാരന്റെയും ശ്രീദേവിയുടെയും മകൾ ആതിര എസ്. കുമാറാണ് (28) ഇരുവൃക്കകളും തകരാറിലായിട്ടും ജീവിതത്തിൽ പൊരുതുന്നത്.

ഭർത്താവ് ശ്രീജിത്തിനും മാതാപിതാക്കൾക്കുമൊപ്പം നാടൊന്നാകെ പ്രാർത്ഥനയും സഹായഹസ്തവുമായി ഒപ്പമുണ്ട്. വിവാഹശേഷം വായ്പയെടുത്ത് ഉപരിപഠനത്തിനായി വിദേശത്ത് എത്തിയപ്പോഴാണ് വൃക്കരോഗം വില്ലനായത്. ഇതോടെ നാട്ടിലേക്ക് മടങ്ങി ഡയാലിസിസിന്റെ സഹായത്തോടെയാണ് ആതിര ജീവൻ നിലനിർത്തുന്നത്. വൃക്ക ഉടൻ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാരുടെ നിർദ്ദേശം. ശസ്ത്രക്രിയയ്ക്ക് തുടർചികിത്സാ ചെലവുകൾക്കുമായി 40 ലക്ഷംരൂപ വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് ഡയാലിസിസ് ചെയ്യുന്നത്.

* ആതിരയെ സഹായിക്കാൻ ബിരിയാണി ചലഞ്ച്

ആതിര ചികിത്സാസഹായ നിധിയുടെ ഭാഗമായി ഇന്ന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിട്ടുണ്ട്. നാനൂറിലേറെപ്പേർ സേവനസന്നദ്ധരായി കലവറയിലുണ്ട്. 3000 ബിരിയാണി ജനങ്ങളിൽ എത്തിച്ച് അതിൽനിന്ന് നിശ്ചിതതുക ആതിരയുടെ ചികിത്സാസഹായ ഫണ്ടിലേക്ക് എത്തിക്കാമെന്നാണ് സംഘാടകർ കരുതിയത്. എന്നാൽ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് ബിരിയാണി ചലഞ്ചിന് മൂന്നുദിവസം മുന്നേ 6700 ബിരിയാണിക്ക് ഓർഡർ കിട്ടി. തുടർന്ന് നിരവധി ഓർഡർ വന്നെങ്കിലും എല്ലാവരിലേക്കും എത്തിക്കാൻ കഴിയുമോ എന്ന ആശങ്കകാരണം സംഘാടകർ ഓർഡറുകൾ സ്വീകരിച്ചില്ല. 29 ചെമ്പുകളിലായി ബിരിയാണി തയ്യാറാക്കുന്നത് പെരുമ്പാവൂർ സ്വദേശി കുഞ്ഞാപ്പിന്റെ നേതൃത്വത്തിലാണ്. തിരുവാങ്കുളം, തിരുവാണിയൂർ, ഉദയംപേരൂർ, മുളന്തുരുത്തി തുടങ്ങിയ കളക്ഷൻ പോയിന്റുകളിൽ ബിരിയാണി ഇന്ന് രാവിലെ 10ന് എത്തിക്കും.

നിരവധി വ്യക്തികൾ ബിരിയാണി ഓർഡർ ചെയ്യുന്നതോടൊപ്പം സംഭാവനയും ആതിരാ ചികിത്സാസഹായ ഫണ്ടിലേക്ക് കൈമാറുന്നുണ്ട്. കരിങ്ങാച്ചിറപള്ളിയിൽ നിന്ന് 50,000 രൂപ ഫണ്ടിലേക്ക് കൈമാറി. ബിരിയാണിക്ക് ആവശ്യമായ വെളിച്ചെണ്ണ കോത്താരി സൂപ്പർമാർക്കറ്റാണ് സംഭാവന നൽകിയിട്ടുള്ളത്. എല്ലാത്തിനും നേതൃത്വം നൽകുന്നത് മെത്രാൻബേബി ട്രസ്റ്റ് സാരഥിയും ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് ജോൺസൺ തോമസാണ്.