കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പട്ടിമറ്റം ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞതോടെ മുന്നണികളിൽ പൊട്ടലും ചീറ്റലും തുടങ്ങി. വിജയമുറപ്പിച്ച് പ്രവർത്തിച്ച ട്വന്റി20, നിലനിർത്തിയ യു.ഡി.എഫ്, വോട്ടു ചോർന്ന എൽ.ഡി.എഫ്, എൻ.ഡി.എ കക്ഷികളിലാണ് നേതൃനിരയിൽ മുതൽ അണികൾക്കിടയിൽ വരെ വോട്ട് ഘടന സംബന്ധിച്ച് തർക്കങ്ങൾ ആരംഭിച്ചത്.
എൽ.ഡി.എഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പനേക്കാൾ വോട്ട് വളരെ കുറഞ്ഞതു സംബന്ധിച്ച് പാർട്ടിതല അന്വേഷണം നടത്താനാണ് തീരുമാനം. 653 വോട്ടാണ് എൽ.ഡി.എഫിൽ നിന്ന് ചോർന്നുപോയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ട് 9331 ആയിരുന്നു. ഇക്കുറി 8161 ആയി ചുരുങ്ങി. കുന്നത്തുനാട്ടിലെ കൈതക്കാട് ആറാം വാർഡിൽ 87 വോട്ടാണ് എൽ.ഡി.എഫിന് ഇക്കുറി ലഭിച്ചത്. നേരത്തെ 160 ലഭിച്ചിരുന്നു. ഏഴാം വാർഡിൽ 301ൽ നിന്ന് 200, എട്ടിൽ 450ൽ നിന്ന് 338, ഒമ്പതിൽ 326ൽ നിന്ന് 272, മഴുവന്നൂരിലെ 16-ാം വാർഡിൽ 339ൽ നിന്ന് 256, പതിനെട്ടിൽ 468ൽ നിന്ന് 337, പത്തൊൻപതിൽ 362 ൽ നിന്ന് 318 എന്നിങ്ങനെ ഇടത് മുന്നണിയുടെ വോട്ട് താഴേക്കുപോയി. ഡിവിഷനിലെ ഒരു ബൂത്തിൽ മാത്രമാണ് എൽ.ഡി.എഫ് ലീഡ് ചെയ്തത്. ട്വന്റി20യുടെ അക്കൗണ്ടിലേക്കാണ് എൽ.ഡി.എഫ് വോട്ട് പോയതെന്നാണ് വിലയിരുത്തൽ.
ട്വന്റി20യുടെ വോട്ടുകളും വ്യാപകമായി ചോർന്നിട്ടുണ്ട്. എന്നാൽ മറ്റ് മുന്നണികളുടെ വോട്ട് ഒഴുകിയെത്തിയതിനാൽ ചോർച്ച കാര്യമായി പ്രതിഫലിച്ചില്ലെന്നു വേണം കരുതാൻ. കുന്നത്തുനാട് വാർഡ് ഏഴിൽ ട്വന്റി20യുടെ വോട്ട് 370ൽ നിന്ന് 187 ആയപ്പോൾ, ഒമ്പതാം വാർഡിൽ 502 ൽ നിന്ന് 463, പതിനാറിൽ 467ൽ നിന്ന് 349, പത്തൊൻപതാം വാർഡിൽ 350 ൽ നിന്ന് 280 എന്ന കണക്കിൽ കുറഞ്ഞു. അപരനെ തിരിച്ചറിഞ്ഞ് വേണ്ടത്ര കാമ്പയിൻ സംഘടിപ്പിക്കാത്തതും ട്വന്റി20യുടെ വീഴ്ചയായി. വോട്ടിംഗ് മെഷീനിൽ 5ാം സ്ഥാനത്ത് ട്വന്റി20യുടെ സി.കെ.ഷമീർ മാങ്ങ ചിഹ്നത്തിൽ മത്സരിച്ചപ്പോൾ 6ാം സ്ഥാനത്ത് അപരൻ എസ്.ഐ. ഷമീർ ആപ്പിൾ ചിഹ്നത്തിൽ ജനവിധി തേടി 132 വോട്ട് പിടിച്ചു. 78 വോട്ടിന്റെ ഭൂരിപക്ഷം മാത്രം യു.ഡി.എഫിന് ലഭിച്ചപ്പോൾ അപരൻ പിടിച്ച വോട്ടുകൾ ട്വന്റ20ക്ക് കനത്ത പ്രഹരമായെന്ന് വ്യക്തം. എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് തുടക്കം മുതൽ പാർട്ടിക്കുള്ളിലും ഘടക കക്ഷികളിലും ഉയർന്ന അസ്വാരസ്യങ്ങൾ മുന്നണിയുടെ വോട്ടുകളിൽ തിരിച്ചടിയായിട്ടുണ്ട്. ഇത്തരത്തിലെ കുറച്ച് വോട്ടുകളും ട്വന്റി20 അപരന് ലഭിച്ചെന്നാണ് അറിയുന്നത്. മറ്റ് മുന്നണികളെ ഒഴിവാക്കാൻ തീരുമാനിച്ച ചിലർ അപരന് വോട്ട് കുത്തി തടിയൂരിയതായും പറയപ്പെടുന്നു. ബി.ജെ.പിയുടെ 174 വോട്ട് ചോർന്നപ്പോൾ എസ്.ഡി.പി.ഐ 126 വോട്ട് വർദ്ധിപ്പിച്ചിട്ടുണ്ട്.