cupp

കൊച്ചി: ആശയങ്ങളുടെ ഖനി തുറക്കും കണ്ടുപിടിത്തങ്ങളാൽ ശ്രദ്ധേയമായ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ അവസാന ദിനം കിരീടത്തിൽ മുത്തമിട്ട് പാലക്കാട്. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ 1383 പോയിന്റോടെയാണ് പാലക്കാടിന്റെ ഓവറോൾ വിജയഗാഥ. ആദ്യ ദിനങ്ങളിൽ ഒപ്പത്തിനൊപ്പം പോരാടിയ മലപ്പുറം 1350 പോയിന്റോടെ രണ്ടാമതും 1338 പോയിന്റോടെ കണ്ണൂർ മൂന്നാമതുമെത്തി.

2018ലും പാലക്കാടായിരുന്നു ചാമ്പ്യൻ. 2019ൽ കോഴിക്കോടും പാലക്കാടും തുല്യ പോയിന്റ് നിലയിൽ എത്തിയെങ്കിലും കൂടുതൽ ഒന്നാം സ്ഥാനങ്ങളുള്ള കോഴിക്കോട് ജേതാവായി.

സ്‌കൂൾതലത്തിൽ 125 പോയിന്റുമായി ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാത ജി.എച്ച്‌.എസ്‌.എസ്‌ കിരീടംചൂടി. 117 പോയിന്റോടെ കാഞ്ഞങ്ങാട്‌ ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാമതും 113 പോയിന്റോടെ മാനന്തവാടി ജി.വി.എച്ച്‌.എസ്‌.എസ്‌ മൂന്നാമതുമെത്തി.

എറണാകുളം ടൗൺഹാളിൽ നടന്ന സമാപനചടങ്ങിൽ വിജയികൾക്ക്‌ മന്ത്രി ആന്റണി രാജു സമ്മാനം നൽകി. സമ്മേളനം മന്ത്രി പി. രാജീവ്‌ ഉദ്‌ഘാടനംചെയ്തു. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രോത്സവം സുവനീർ ജെബി മേത്തർ എം.പി പ്രകാശനം ചെയ്തു. മേളയുടെ ലോഗോ തയ്യാറാക്കിയ മുഹമ്മദ്‌ റാഷിദിനെ ഡെപ്യൂട്ടിമേയർ കെ.എ. അൻസിയ ആദരിച്ചു. പി.വി. ശ്രീനിജിൻ എം.എൽ.എ, ജനറൽ കൺവീനർ എം.കെ. ഷൈൻമോൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻബാബു, പി.ആർ. റെനീഷ്‌, വി.എ. ശ്രീജിത്ത്‌, സുധ ദിലീപ്‌, മനു ജേക്കബ്‌, ആർ.ഡി.ഡി കെ അബ്ദുർ കരീം, ലിസി ജോസഫ്‌, എം. ജോസഫ്‌ വർഗീസ്‌, എറണാകുളം ഡി.ഡി.ഇ ഹണി ജി. അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.

നേട്ടങ്ങൾ വാരിക്കൂട്ടി

പാലക്കാട്, മലപ്പുറം

ചാമ്പ്യൻമാരായ പാലക്കാടിനും രണ്ടാംസ്ഥാനക്കാരായ മലപ്പുറത്തിനും 17 ഒന്നാംറാങ്ക്‌ ലഭിച്ചു. കണ്ണൂരിലെ 13 പ്രതിഭകൾക്കും ഒന്നാംറാങ്ക്‌ നേടാനായി. മൂന്നുദിവസം ആറുവേദിയിലായി 6500ലധികം കൗമാരപ്രതിഭകൾ

പങ്കെടുത്തു.