thushar-gandhi-
ആലുവ യു.സി കോളേജിൽ ആഗോള യുസിയൻ സംഗമത്തിൽ തുഷാർ ഗാന്ധി മുഖ്യപ്രഭാഷണം നടത്തുന്നു

ആലുവ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആചരിക്കുമ്പോൾ സ്വാതന്ത്ര്യവും സമത്വവും എല്ലാ മനുഷ്യർക്കും അനുഭവിക്കാൻ സാധിക്കുന്നുണ്ടോയെന്ന് നാം പരിശോധിക്കണമെന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി പറഞ്ഞു. ആഗോള യുസിയൻ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം വെറും ബിരുദങ്ങൾ മാത്രമല്ല. അതിനുമപ്പുറം വിദ്യാഭ്യാസം നമ്മെ പരിവർത്തനത്തിന് വിധേയമാക്കുന്നതായിരിക്കണം. ആ പരിവർത്തനം സമൂഹത്തിന് അനുഭവവേദ്യവുമാകണം. മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ എന്ന നിലയിൽ ഇവിടെ നിൽക്കുമ്പോൾ ജന്മംകൊണ്ടു മാത്രമാണ് എനിക്കത് സ്വായത്തമായതെങ്കിൽ, അദ്ദേഹം ആ മഹത്വം ആർജ്ജിച്ചെടുത്തതാണ്. രാഷ്ട്രപിതാവിന്റെ പൈതൃകം നമുക്കെല്ലാവർക്കും ഒരു പോലെ അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പത്മശ്രീ ശോശാമ്മ ഐപ്പ്, രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ആലുവ അഡീഷണൽ എസ്.പി ബിജി ജോർജ് എന്നിവരെ ആദരിച്ചു. പൂർവ വിദ്യാർത്ഥികളായ വേണു വി.ദേശം രചിച്ച് ജോൺ പി. ജോൺ ഈണം പകർന്ന കോളേജ് ആന്തം അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. എം.ഐ.പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. പി.എ. അയൂബ് ഖാൻ, കോളേജ് മാനേജർ തോമസ് ജോൺ, ജെനി പീറ്റർ, രമേശ് പുത്തലത്ത്, ജയ്സൺ പാനികുളങ്ങര തുടങ്ങിയവർ സംസാരിച്ചു.