തൃക്കാക്കര: ഇന്റർനാഷണൽ ബ്ലൈൻഡ് സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഏഷ്യാ- ഒഷ്യാന ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് എസ്.ആർ.വി.സി (സൊസൈറ്റി ഫോർ ദി റീഹാബിലിറ്റേഷൻ ഒഫ് ദി വിഷ്വലിചലഞ്ചഡ് ) എക്സലൻസ് അവാർഡുകൾ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വിതരണം ചെയ്തു. കൂട്ടായ യത്നമാണ് ഫുട്ബാളിന്റെ മഹത്വം. കാഴ്ചപരിമിതികളെ അവഗണിച്ച് ജീവിതത്തെ മുന്നോട്ടു നയിക്കണമെന്നും എന്നാലേ ജീവിതലക്ഷ്യങ്ങൾ കൈവരിക്കാനാവൂ എന്നും ഗവർണർ പറഞ്ഞു. ഹൈബി ഈഡൻ എം.പി, എസ്.ആർ.വി .സി പ്രോജക്റ്റ് മേധാവി എം.സി.റോയ്, സെക്രട്ടറി സുനിൽ ജെ. മാത്യു, സുരേഷ് ജോസഫ്, വേണുഗോപാൽ സി.ഗോവിന്ദ്, കുര്യാക്കോസ് വർഗീസ്, മുഹമ്മദ് ആസിഫ് ഇക്ബാൽ എന്നിവർ പങ്കെടുത്തു.

വെല്ലുവിളികളെ അഭിമുഖീകരിച്ച് സമൂഹത്തിന് നൽകിയ മഹത്തായ സംഭാവനകളെ മുൻനിറുത്തി പ്രവർത്തിക്കുന്നവർക്കായി ഏർപ്പെടുത്തിയ അവാർഡ് ഡോ. രശ്മി പ്രമോദ്, വി.എസ്. അഖിൽവിനോദ്, ഡോ. ഇർവിൻ വിക്ടോറിയ, അഫ്‌സൽ യൂസഫ്, വൈക്കം വിജയലക്ഷ്മി എന്നിവർക്ക് സമ്മാനിച്ചു. രാവിലെ നടന്ന ഇന്ത്യ - ജപ്പാൻ രണ്ടാം വനിത ഫുട്ബാൾ മത്സരത്തിൽ ജപ്പാൻ ഏകപക്ഷിയമായ ഒരു ഗോളിന് ഇന്ത്യയെ തോൽപ്പിച്ചു. ജപ്പാനുവേണ്ടി സോറ കിക്കുഷിമ ഗോൾ നേടി.