nepal
പീസ്‌വാലിയിൽ കഴിയുന്ന നേപ്പാൾ ദമ്പതികളായ സാജനും സോമായയും

പെരുമ്പാവൂർ: പാതിതളർന്ന ശരീരം, സംസാരശേഷി ഇല്ല, ഒപ്പം വൃക്കരോഗവും.. കനിവിനായി കൈകൂപ്പിയ നേപ്പാൾ ദമ്പതികൾക്ക് തുണയായി പീസ്‌വാലി. തന്റെ സങ്കടങ്ങൾ ഓർത്ത് ഒന്ന് ഉറക്കെ കരയാൻപോലും സാജൻ പരിയാർ എന്ന ഈ ഇരുപത്തിയഞ്ചുകാരന് ആവില്ല.
കണ്ടുനിൽക്കുന്ന ആരുടേയും കരളലയിക്കും പെരുമ്പാവൂർ അല്ലപ്രയിലെ ലേബർ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സംസാരശേഷിയില്ലാത്ത ഈ ദമ്പതികളുടെ അവസ്ഥ. നേപ്പാൾ വംശജരായ സാജനും സോമായയും മാതാപിതാക്കളോടൊപ്പം ചെറുപ്പം മുതൽ ചെന്നൈയിലാണ് ജീവിച്ചിരുന്നത്.
കൗമാരത്തിലാണ് ഇരുവരും പരിചയപെടുന്നത്. മൗനം വാചാലമായതോടെ ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. വിവാഹം ഉറപ്പിച്ച നാളുകളിൽ ആയിരുന്നു സാജന് അപകടം സംഭവിക്കുന്നത്. ഫുട്‌ബാൾ കളിക്കുന്നതിനിടെ വീഴ്ചയിൽ പരിക്കേറ്റ് നാളുകൾക്കുശേഷം ആശുപത്രി വിടുമ്പോൾ അരയ്ക്കുതാഴേക്ക് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ജീവിതം വീൽചെയറിൽ ആയെങ്കിലും സോമായയുടെ ചെറിയ ജോലിയും സുഹൃത്തുക്കളുടെ സഹായവുമൊക്കെയായി മുന്നോട്ട് പോകുമ്പോഴാണ് കൊവിഡ് മഹാമാരി എത്തുന്നത്. ജീവിതം ദുസ്സഹമായതോടെ സംസാര പരിമിതിയുള്ള സുഹൃത്തുക്കൾ മുഖേനയാണ് കേരളത്തിൽ എത്തുന്നത്. ഇതിനിടെയാണ് കിഡ്‌നി തകരാറിൽ ആവുന്നത്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യേണ്ടി വന്നതോടെ സോമായക്ക് ജോലിക്ക് പോകാൻ കഴിയാതെയായി.പെരുമ്പാവൂരിലെ സ്വകാര്യ ഡയാലിസിസ് സെന്ററിൽ ആയിരുന്നു ഡയാലിസിസ് ചെയ്തിരുന്നത്. പണമില്ലാത്തതിനാൽ അതും മുടങ്ങി. അല്ലപ്രയിലെ ലേബർ കോർട്ടേഴ്‌സിന്റെ മുകൾ നിലയിലാണ് ഇരുവരും ഇപ്പോൾ കഴിയുന്നത്. ദീർഘകാലത്തെ കിടപ്പിലൂടെ ഉണ്ടായ ശയ്യാവ്രണങ്ങളും സാജന്റെ ദുരിതം വർദ്ധിപ്പിക്കുന്നു. ആശുപത്രിയിലേക്കും മറ്റും മുകൾനിലയിൽനിന്ന് സാജനെ ചുമന്നുകൊണ്ട് പോകുന്നത് സോമായ തന്നെ. പ്രണയ വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നതിനാൽ ബന്ധുക്കളുമായും അടുപ്പമില്ല.സംസാര പരിമിതി ഉള്ളവരുടെ സംഘടനയിലെ സുഹൃത്തുക്കൾ നൽകുന്ന സഹായംകൊണ്ടാണ് ഓരോ ദിവസവും കഴിഞ്ഞ് പോകുന്നത്. ഒന്നിന് പിറകെ ഒന്നൊന്നായി ദുരിതങ്ങൾ വേട്ടയാടിയതോടെ സാജനും സോമയയും കനിവിനായി കൈനീട്ടുകയാണ്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് ഇവരുടെ ദയനീയവസ്ഥ അന്വേഷിക്കാൻ എത്തിയ കോതമംഗലം പീസ് വാലി ഫൗണ്ടേഷൻ ഭാരവാഹികൾ കണ്ടത് പത്ത് ദിവസമായി ഡയാലിസിസ് ചെയ്യാത്തതിനാൽ ജീവൻ അപകടത്തിലായ അവസ്ഥയിൽ കഴിയുന്ന യുവാവിനെയാണ്. ഉടനടി പീസ് വാലിയിൽ പ്രവേശിപ്പിച്ച് ഡയാലിസിസ് ആരംഭിച്ച് അപകടനില തരണംചെയ്തു. പീസ് വാലിയുടെ പാലിയേറ്റീവ് വിഭാഗത്തിൽ അഡ്മിറ്റ് ചെയ്ത് ഡയാലിസിസും ഫിസിയോ തെറാപ്പിയും കൊടുക്കുകയാണ് ഇപ്പോൾ.