കൊച്ചി: കേരളകൗമുദി 111-ാം വാർഷികവും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികദിനവും ഒരേ ദിവസമായത് അത്ഭുതകരമായ സവിശേഷതയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അവർണരെന്ന് മുദ്രകുത്തി അകറ്റിനിറുത്തിയ വിഭാഗത്തിന് ക്ഷേത്രപ്രവേശനം അനുവദിച്ച ചിത്തിരതിരുനാൾ ബാലരാമവർമ്മയെ ആധുനികകാലത്തെ അത്ഭുതമെന്നാണ് മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്. എന്നാൽ അതിനും എത്രമോ കാലംമുമ്പ് സാമൂഹിക നവോത്ഥാനത്തിലൂടെ കേരളം കടന്നുപോയി. അതിൽ കേരളകൗമുദിയും പത്രാധിപരും വലിയ പങ്കുവഹിച്ചു. ധിഷണാശാലികളായ മാദ്ധ്യമപ്രവർത്തകരും നട്ടെല്ലുള്ള നിലപാടുകളുമായിരുന്നു കേരളകൗമുദിയുടെ മുഖമുദ്ര. കേരളകൗമുദിയുടെയും പത്രാധിപരുടെയും ജീവചരിത്രം കേരളത്തിന്റെ ചരിത്രവുമായി ഇഴ ചേർന്നുകിടക്കുന്നു. ഗുരുദേവ ദർശനമാണ് അദ്ദേഹത്തെ നയിച്ചത്. ആരുടെയും മുന്നിൽ നട്ടെല്ലു വളയാതെ ശബ്ദമുയർത്താൻ പഴയകാലത്തെ പത്രാധിപൻമാർക്ക് കഴിഞ്ഞിരുന്നു. 1957 ലെ കുളത്തൂർ പ്രസംഗം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിനെ വേദിയിലിരുത്തിയായിരുന്നു പത്രാധിപരുടെ പ്രസംഗം . കേരളത്തിന്റെ ചരിത്രത്തിൽ അറിയപ്പെടുന്ന സുപ്രധാന സംഭവമായ ആ പ്രസംഗം കോളിളക്കം സൃഷ്‌ടിച്ചു. ഭരണപരിഷ്കാര ശുപാർശകൾ സർക്കാരിന് തള്ളിക്കളയേണ്ടി വന്നു. ഇന്ന് അത്തരം വിമർശനങ്ങൾ ഉൾക്കൊള്ളാൻ ഏതെങ്കിലും പത്രാധിപൻമാർ തയ്യാറാകുമോയെന്നകാര്യം സംശയമാണ്.
തെറ്റ് സംഭവിച്ചാൽ അത് തിരുത്താൻ തയ്യാറാകാത്ത ഭരണനേതൃത്വമാണ് ഇന്നുള്ളത്. കേരളകൗമുദിയെപ്പോലെയുള്ള പത്രങ്ങൾ നിലപാടുകൾ എത്രതന്നെ ഉയത്തിപ്പിടിക്കാൻ ശ്രമിച്ചാലും ഇന്നത്തെ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങൾ നാം അറിയേണ്ടതുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഗവർണറുടെ നിലപാടുകളാണ്. തീർത്തും അധാർമ്മികവും ജനാധിപത്യവിരുദ്ധവുമായ സാഹചര്യങ്ങളെക്കുറിച്ച് ഗവർണർ പറയുമ്പോൾ അതിനെ വിമർശിച്ച് എഡിറ്റോറിയൽ എഴുതിയ മാദ്ധ്യമങ്ങളുണ്ട്. 1957 ൽ നി ന്ന് 65 വർഷം കഴിഞ്ഞപ്പോൾ മാദ്ധ്യമപ്രവർത്തനത്തിൽ വന്ന മാറ്റം ചൂണ്ടിക്കാട്ടാനാണ് ഇതു പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.