മൂവാറ്റുപുഴ: ലോകകപ്പ് മത്സരം അങ്ങ് ഖത്തറിലാണെങ്കിലും ജില്ലയുടെ കിഴക്കൻ മേഖലയിൽ നാടിന്റെ മുക്കിലും മൂലയിലും ലോകകപ്പിന്റെ ആരവം ഉയർന്ന് കഴിഞ്ഞു. പന്തുരുളാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ ആവേശം നെഞ്ചിലേറ്റിയിരിക്കുകയാണ് ഫുട്ബാൾ ആരാധകർ. കിഴക്കൻ മേഖലയിലെങ്ങും ഫുട്ബാളിലെ കേമന്മാരായ രാജ്യങ്ങളിലെ താരങ്ങളുടെ ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ച് മത്സരത്തിനു തുടക്കമിട്ടുകഴിഞ്ഞു. ബ്രസീലിന്റെയും അർജന്റീന, സ്പെയിൻ, ജർമ്മനി, ഇറ്റലിയുടേയുമൊക്കെ ആരാധകർ ചേരിതിരിഞ്ഞ് മത്സരിച്ചാണ് ഫ്ളെക്സ്ബോർഡുകൾ സ്ഥാപിച്ചും കളികാണാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയും ലോകകപ്പ് ഉത്സമാക്കാൻ തയ്യാറാകുന്നത്.
കിഴക്കൻ മേഖലയിലെ പ്രധാന കവലകളിലെല്ലാം സൂചികുത്താൻപോലും സ്ഥലമില്ലാത്ത
വിധത്തിൽ ഫ്ളെക്സ് ബോർഡുകളും , രാജ്യങ്ങളുടെ കൊടിതോരണങ്ങളും ഉയർന്നുകഴിഞ്ഞു. വിവിധ സംഘടനകളും സ്പോർട്സ് ക്ളബുകളും വായനശാലകളുമൊക്കെ ഫുട്ബാൾ മത്സരം കാണാൻ വലിയ സ്ക്രീനുകൾ സ്ഥാപിച്ച് വിപുലമായ സൗകര്യങ്ങളാണൊരുക്കുന്നത്.
മൂവാറ്റുപുഴ ഫുട്ബാൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നഗരസഭയുമായി സഹകരിച്ച് നഗരസഭ ടൗൺ ഹാൾ ഗ്രൗണ്ടിൽ 100 അടി വലിപ്പമുള്ള കൂറ്റൻ എൽ.ഇ.ഡി സ്ക്രീനാണ് മത്സരങ്ങൾ കാണാൻ ഒരുക്കുന്നത്. ആവേശം കൊള്ളിക്കുന്ന ശബ്ദപ്രകാശ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഗ്രാമീണ മേഖലകളിലും ഫുട്ബാൾ ആവേശം നിറഞ്ഞിരിക്കുകയാണ്. ഫാൻസ് അസോസിയേഷനുകൾ സാമൂഹികമാദ്ധ്യമങ്ങളിൽ കൂട്ടായ്മ ഉണ്ടാക്കി പ്രചാരണങ്ങളും ആഘോഷങ്ങളും ആരംഭിച്ചുകഴിഞ്ഞു. എതിർടീമിലെ താരങ്ങളെ ഉൾപ്പെടുത്തിയ ട്രോളുകൾ സൃഷ്ടിച്ചുള്ള മത്സരമാണ് ഏറെ കൗതുകം. മെസിയും നെയ്മറും റൊണാൾഡേയുമെല്ലാം ട്രോളുകളിൽ നിറയുകയാണ്. ട്രോളുകൾ നിറയുന്ന ഫ്ലെക്സ് ബോർഡുകളും നാട്ടിലാകെ ഫാൻസ് അസോസിയേഷനുകളും നേതൃത്വത്തിൽ നിരന്നുകഴിഞ്ഞു. ആഘോഷങ്ങൾക്കു പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച്, പായസ ചലഞ്ച് , കേക്ക് ചലഞ്ച് തുടങ്ങിയവയ്ക്കും ആരോധകർ തുടക്കമിട്ടുകഴിഞ്ഞു.