കൊച്ചി: കലൂർ അറവുശാലയുടെ നിർമ്മാണം ഇഴയുന്നതിനെ തുടർന്ന് അനധികൃത കശാപ്പുശാലകൾ പെരുകുന്നു. മൃഗങ്ങൾക്കു രോഗമുണ്ടോയെന്ന് പരിശോധിക്കാതെ, വൃത്തിഹീനമായ സാഹചര്യത്തിലാണ് മാംസ വില്പന.
സംസ്ഥാനത്ത് അറവുശാലയില്ലാത്ത ഏക തദ്ദേശസ്ഥാപനമാണ് കൊച്ചി കോർപ്പറേഷൻ. മതിയായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ അഭാവത്തിൽ കോടതിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നിരന്തര ഇടപെടലുകളെ തുടർന്നാണ് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന കലൂർ അറവുശാല സെപ്തംബർ 24 ന് അടച്ചുപൂട്ടിയത്. വെറ്ററിനറി ഡോക്ടറുടെ കർശന പരിശോധനയ്ക്ക് ശേഷമാണ് ഇവിടെ ആടുമാടുകളെ കശാപ്പ് ചെയ്തിരുന്നത്.
മട്ടാഞ്ചേരി മരക്കടവിൽ കോർപ്പറേഷന് കീഴിലുണ്ടായിരുന്ന അറവുശാല അടച്ചുപൂട്ടിയിട്ട് വർഷങ്ങളായി. അധികൃതരുടെ മൗനാനുവാദത്തോടെ മാർക്കറ്റിന്റെ പരിസരപ്രദേശങ്ങളിൽ തന്നെയാണ് ഇപ്പോൾ അവിടെയും അറവു നടത്തുന്നത്. ഡോക്ടറുടെ സർട്ടിഫിക്കറ്റില്ലാതെ ഏത് മാടുകളെയും കശാപ്പു ചെയ്യുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നു.
* അനക്കമില്ലാതെ മരക്കടവ് പദ്ധതി
മട്ടാഞ്ചേരി മരക്കടവിൽ ആധുനിക അറവുശാല നിർമ്മിക്കുമെന്ന പ്രഖ്യാപനം ജലരേഖയായി. കോർപ്പറേഷന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും ശുചിത്വമിഷന്റെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതിക്ക് കല്ലിടാൻ പോലും കഴിഞ്ഞിട്ടില്ല. നാല് പതിറ്റാണ്ടോളം മരക്കടവിൽ പ്രവർത്തിച്ചിരുന്ന അറവുശാല ശുചിത്വ സംവിധാനങ്ങളില്ലാത്തതിന്റെ പേരിൽ 2007ൽ മലിനീകരണ നിയന്ത്രണബോർഡ് അടച്ചുപൂട്ടുകയായിരുന്നു. ഇതോടെ പശ്ചിമകൊച്ചിയിലെ പ്രധാന മാർക്കറ്റുകൾ അറവുശാലയായി മാറി. അംഗീകൃത അറവുശാല ഇല്ലാത്തതിനാൽ അനധികൃത കശാപ്പ് നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് കഴിയുന്നുമില്ല. പുതിയ അറവുശാല നിർമ്മിക്കാൻ 10 കോടി രൂപയോളം ചെലവുവരുമെന്ന് കരുതുന്നു.
* ഈയാഴ്ച തുറന്നേക്കും
കലൂർ അറവുശാല ഈയാഴ്ച തുറക്കുമെന്നാണ് പ്രതീക്ഷ. മലിനീകരണ നിയന്ത്രണ ബോർഡ് ആവശ്യപ്പെട്ട പ്രകാരമുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി.
അറവുമൃഗങ്ങളുടെ രക്തം ശേഖരിക്കാൻ 5,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിച്ചു. ബയോഗ്യാസ് പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കുകയും മലിനജലം സംസ്കരിക്കാൻ സംവിധാനമൊരുക്കുകയും ചെയ്തു. ഒരാഴ്ച മുമ്പുതന്നെ ഈ പ്രവൃത്തികളെല്ലാം പൂർത്തീകരിച്ചു. സ്ഥലം പരിശോധിച്ച് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിന് കത്തു നൽകി. ഉദ്യോഗസ്ഥർ ഇന്ന് അറവുശാല സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടി.കെ.അഷ്റഫ്
ആരോഗ്യസ്ഥിരം സമിതി ചെയർമാൻ
* നിർമ്മാണം വേഗം പൂത്തിയാക്കണം
അറവുശാല തുറക്കുന്നതിനുള്ള നടപടികൾ എത്രയുംവേഗം സ്വീകരിക്കണം. പൊതുസ്ഥലങ്ങളിലെ കശാപ്പിന് അറുതിവരുത്തണം. യാതൊരു കാരണവശാലും അറവുശാല കലൂരിൽ നിന്ന് മാറ്റാൻ അനുവദിക്കില്ല. ആധുനിക അറവുശാലയുടെ നിർമ്മാണം ഉടൻ ആരംഭിക്കണം.
ടി.ജെ.വിനോദ് എം.എൽ.എ