
തൃപ്പൂണിത്തുറ: ആന്റി കറപ്ഷൻ ഫൗണ്ടേഷൻ എഗനസ്റ്റ് ക്രൈം എന്ന സംഘടനയുടെ പേരിൽ വസ്ത്രവ്യാപാരികളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച രണ്ടു പേരെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് മണ്ണൂർക്കാട്മൂല വീട്ടിൽ സവാദ് (46), കാസർകോട് കാഞ്ഞങ്ങാട് പെരളത്തി വീട്ടിൽ മോഹൻകുമാർ (55) എന്നിവരെയാണ് വ്യാപാരികൾ തടഞ്ഞുവച്ച് പൊലീസിനെ ഏല്പിച്ചത്.
ഫ്ളക്സ് അടിക്കണമെന്ന ആവശ്യവുമായാണ് ഇവർ സമീപിച്ചതെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ ജില്ലാ ഓർഗൻസിംഗ് സെക്രട്ടറി സിയാദ് വിസ്മയ പറഞ്ഞു. 10,500 രൂപ വീതം സ്പോൺസർ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. നഗരത്തിലെ മിക്ക കടകളിലും ഫോൺ കോൾ എത്തിയതോടെ സംഘടന വാട്സാപ് ഗ്രൂപ്പുകളിൽ ഇത് ഷെയർ ചെയ്യുകയും പണം വാങ്ങാൻ എത്തിയ പ്രതികളെ പൊലീസിന് കൈമാറുകയുമായിരുന്നു.
സർക്കാരിന്റേതെന്ന് തോന്നിക്കുന്ന വ്യാജ ബില്ലുകൾ കൊടുത്ത് സ്ഥലത്തെ ഒരു പ്രമുഖ വ്യാപാരിയിൽ നിന്ന് ഇതിനകം ഇവർ 10,500 രൂപ കൈപ്പറ്റിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.