ചോറ്റാനിക്കര :ഇരുവൃക്കകളും തകരാറിലായി ദുരിതമനുഭവിക്കുന്ന ആതിരയെ സഹായിക്കാൻ ഒരു നാട് ഒന്നടങ്കം കൈകോർത്തപ്പോൾ പുതുമാതൃകയും ചരിത്രവുമായി ബിരിയാണി ചലഞ്ച്. ചോറ്റാനിക്കരയ്ക്ക് സമീപം അമ്പാടിമല ഗ്രാമത്തിലെ ആതിരയെ സഹായിക്കാനാണ് നാട്ടുകാർ മത രാഷ്ടീയ ഭേദമന്യേ ഒറ്റക്കെട്ടായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. ബിരിയാണി ചലഞ്ചിന് അയൽ നാടുകളിലെ സംഘടനകളും സഹായഹസ്തവുമായെത്തി.

ഒരു ബിരിയാണിക്ക് 130 രൂപ എന്ന നിരക്കിലായിരുന്നു വില്പന. ബിരിയാണിക്ക് ആവശ്യമായ അരിയും ഇറച്ചിയും ഉൾപ്പെടെയുള്ളവ സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തുകയായിരുന്നു ആദ്യഘട്ടം. പിന്നീട് ഓർഡറുകൾ നേടിയെടുക്കാൻ അയൽ ഗ്രാമങ്ങളിലെയെല്ലാം സംഘടനകൾ ഒന്നിച്ചു രംഗത്തിറങ്ങി. ഇന്നലത്തെ ബിരിയാണി ചലഞ്ചിനായി പാചകത്തിനുള്ള ഒരുക്കം ശനിയാഴ്ച പകൽ തന്നെ തുടങ്ങിയിരുന്നു. വിറകും പാത്രങ്ങളും ഒരുക്കുന്നതും അരികഴുകുന്നതും മുതൽ പാചകം വരെ ഓരോന്നിനും വളണ്ടിയർമാർ രംഗത്തെത്തി. പ്രത്യേക സേവനം ആവശ്യമായി വരുമ്പോൾ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശം അയക്കുമ്പോഴേക്കും ഒട്ടേറെപേർ ഓടിയെത്തി.

6700 ബിരിയാണി പാക്കറ്റുകൾക്കുള്ള ഓർഡറാണ് ലഭിച്ചത്. അവ ഓരോ സ്ഥലത്തും എത്തിക്കാൻ വാഹനം വിട്ടുനൽകാനും ഓടിക്കാനും വിതരണം ചെയ്യാനും തയ്യാറുള്ളവരോട് അറിയിക്കാൻ പറഞ്ഞു. ഓട്ടോറിക്ഷയും ബൈക്കും മുതൽ ആഡംബര കാറുകൾ വരെ ബിരിയാണി വിതരണത്തിന് എത്തി. ഓരോ പ്രദേശത്തേക്കുമുള്ള ഓർഡർ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയിരുന്നു. അതുപ്രകാരമാണ് ബിരിയാണി ബോക്‌സുകൾ അയച്ചുതുടങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് അമ്പാടിമലയിൽ മാത്രമല്ല, സമീപ ഗ്രാമങ്ങളിലെയും എല്ലാ വീടുകളിലും ബിരിയാണിയായിരുന്നു ഭക്ഷണം. ബിരിയാണി പാചകത്തിനുള്ള അടുക്കളയും സ്ഥലവും സൗകര്യങ്ങളും അനുവദിച്ചത് അമ്പാടിമല മഹാത്മാഗാന്ധി പബ്ലിക് സ്‌കൂളാണ്.